Romario shepherd,Mumbai Indians
വന്യമായ കരീബിയന്‍ കരുത്തെന്നത് ടി20 ക്രിക്കറ്റില്‍ ഒരു ടീമിനും അവഗണിക്കാനാകാത്തതാണ്. ലോക ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ഇന്ന് മികച്ച ടീമുകളില്‍ ഒന്നല്ലെങ്കില്‍ പോലും കുട്ടിക്രിക്കറ്റില്‍ വമ്പനടികള്‍ നടത്താന്‍ കരുത്തുള്ള വെസ്റ്റിന്‍ഡീസ് താരങ്ങള്‍ അനവധിയാണ്. ഐപിഎല്ലില്‍ കളിക്കുന്ന പല ടീമുകള്‍ക്കും പിഞ്ച് ഹിറ്റര്‍മാരായുള്ളത് വെസ്റ്റിന്‍ഡീസ് താരങ്ങളാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസതാരങ്ങളില്‍ ഒരാളായിരുന്ന കരണ്‍ പൊള്ളാര്‍ഡ് ടീം വിട്ടതോടെ വാലറ്റത്ത് ബാറ്റിംഗ് വിസ്‌ഫോടനം നടത്തുന്ന ഒരു താരത്തിന്റെ കുറവുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് സീസണുകളിലായി ഓസീസ് താരമായ ടിം ഡേവിഡാണ് ഇതിന് പരിഹാരം കണ്ടിരുന്നെങ്കിലും പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ടിം ഡേവിഡിനാകുന്നില്ല. ഇപ്പോള്‍ ആ പ്രശ്‌നത്തിന് റൊമാരിയോ ഷെപ്പേര്‍ഡിലൂടെ പരിഹാരം കണ്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍,രോഹിത് ശര്‍മ,ടിം ഡേവിഡ് എന്നിവരുടെ പ്രകടന മികവില്‍ ടീം 200നോട് അടുത്തെങ്കിലും ടീമിനെ ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്ത് ബാറ്റിംഗ് വിസ്‌ഫോടനം നടത്തി 234 എന്ന നിലയിലേക്ക് അവസാന ഓവറില്‍ എത്തിച്ചത് റൊമാരിയോ ഷെപ്പേര്‍ഡിന്റെ പ്രകടനമായിരുന്നു.
വെറും 10 പന്തില്‍ നിന്നായിരുന്നു ഷെപ്പേര്‍ഡിന്റെ പ്രകടനം. 10 പന്തുകളില്‍ നിന്നും 4 സിക്‌സും 3 ഫോറും സഹിതം 39 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത്. 21 പന്തില്‍ 45 റണ്‍സുമായി ടിം ഡേവിഡും വാലറ്റത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന് ഇന്നലെ ഡല്‍ഹിക്കെതിരെ തിളങ്ങാനായില്ല. എങ്കിലും സീസണിലെ ആദ്യ മത്സരങ്ങള്‍ മാത്രമാണ് അവസാനിച്ചത് എന്നതിനാല്‍ വരും മത്സരങ്ങളില്‍ സൂര്യ മികവിലെത്തുമെന്ന് ഉറപ്പാണ്. വാലറ്റത്ത് ഷെപ്പേര്‍ഡിനെ പോലൊരു താരത്തിന്റെ സാന്നിധ്യം മുംബൈയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കും.