ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ അവസാനഘട്ട മാറ്റങ്ങള്‍ വരുത്തി ഫ്രാഞ്ചൈസികള്‍. താരലേലത്തില്‍ സ്വന്തമാക്കിയ പല താരങ്ങള്‍ക്കും പരിക്കേറ്റതാണ് അവസാന നിമിഷത്തില്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് താരലേലത്തില്‍ വരാത്ത താരങ്ങളും വിറ്റഴിക്കപ്പെടാത്ത താരങ്ങളും അവസാന നിമിഷം ഐപിഎല്ലില്‍ ഇടം സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ അവിശ്വസനീയ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ ഷമര്‍ ജോസഫാണ് ഇത്തരത്തില്‍ ഐപിഎല്‍ 2024 സീസണില്‍ ആദ്യമായെത്തിയ ബൗളര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സാണ് താരത്തിനെ അവസാന നിമിഷം റാഞ്ചിയത്. അതേസമയം കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ശ്രീലങ്കന്‍ താരം മധുഷങ്കയ്ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാകും. പരിക്കായതിനെ തുടര്‍ന്നാണ് താരത്തിന് ഐപിഎല്‍ നഷ്ടമാകുന്നത്. മധുഷങ്കയ്ക്ക് പകരം അവസാന നിമിഷം കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ കണ്ടുപിടിത്തമായ ക്വെന മഫാക്കയെയാണ് മുംബൈ സ്വന്തമാക്കിയത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യരെ ഗുജറാത്ത് ടൈറ്റന്‍സും ഐപിഎല്ലിന് മുന്‍പായി ടീമിലെത്തിച്ചിട്ടുണ്ട്.