കരീബിയൻ കൈകരുത്തുമായി ഗ്രൗണ്ടിൽ വിസ്മയം തീർക്കുന്ന വിൻഡീസ് താരങ്ങളെ അസൂയയോടെയും ഒരല്പം ഭയം കലർന്ന ബഹുമാനത്തോടെയുമാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.വിജയപരാജയങ്ങൾ എളുപ്പം മാറിമറിയുന്ന കുട്ടി ക്രിക്കറ്റിൽ ഈ കരിബീയൻ കരുത്തിന് ഡിമാൻഡ് ഏറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ന് വമ്പൻ ശക്തിയല്ലെങ്കിൽ ടി20 ക്രിക്കറ്റിൽ ഇന്നും വിസ്മയങ്ങൾ തീർക്കാനാകുന്ന ടീമാക്കി വിൻഡീസിനെ മാറ്റുന്നത് ഈ ബാറ്റിംഗ് വിസ്ഫോടനം തീർക്കാനാകുന്ന ഈ താരങ്ങളുടെ സാന്നിധ്യമാണ്.
ഇപ്പോഴിതാ പതിനാറാം ഐപിഎൽ സീസണിലും ലോകം ഒരു വിൻഡീസ് കൈകരുത്തിന് മുന്നിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. ഐപിഎല്ലിൽ ആർസിബിക്കെതിരായ മത്സരത്തിൽ വെറും 15 പന്തിലാണ് വിൻഡീസ് താരമായ നിക്കോളാസ് പൂരൻ ലഖ്നൗവിനായി അർധസെഞ്ചുറി തികച്ചത്. വെറും 19 പന്തിൽ നിന്നും 62 റൺസാണ് താരം നേടിയത്. 15 പന്തിലെ അർധസെഞ്ചുറിയോടെ ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ അർധസെഞ്ചുറിയെന്ന നേട്ടമാണ് നിക്കോളാസ് പൂരൻ സ്വന്തമാക്കിയത്.
ഐപിഎല്ലിൽ 15 പന്തുകളിൽ നിന്നും അർധസെഞ്ചുറി നേടിയിട്ടില്ല മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താൻ്റെയും വിൻഡീസ് താരം സുനിൽ നരെയ്നിൻ്റെയും റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. 14 പന്തിൽ നിന്ന് അർധസെഞ്ചുറി സ്വന്തമാക്കിയിട്ടുള്ള കെ എൽ രാഹുലാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്.