ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഗുജറാത്ത് ടൈറ്റൻസ് താരം വിജയ് ശങ്കറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മത്സരത്തിൽ 24 പന്തിൽ 63 റൺസാണ് താരം സ്വന്തമാക്കിയത്. അഞ്ച് സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്. 2019ലെ ലോകകപ്പ് ടീമിൽ അംഗമായിരുന്ന താരം വീണ്ടുമൊരു ലോകകപ്പ് അടുത്തുനിൽക്കെയാണ് വീണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നത്.
2019ലെ ലോകകപ്പിൽ അമ്പാട്ടി റായിഡുവിന് പകരമായി വിജയ് ശങ്കറിനെ ടീമിലെടുത്തത് വലിയ വിവാദമായിരുന്നു. ബാറ്റിംഗിലും ഫീൽഡിംഗിലും ബൗളിങ്ങിലും മികവുള്ള ത്രീ ഡി പ്ലെയറെന്ന ലേബലിലാണ് താരം ടീമിലെത്തിയത്. അന്ന് ടീം പരിശീലകനായ രവി ശാസ്ത്രിയായിരുന്നു താരത്തെ അന്ന് ടീമിലെത്തിക്കുന്നതിൽ നിർണായകമായത്. എന്നാൽ ലോകകപ്പിൽ മികവ് പുലർത്താൻ താരത്തിനായില്ല.
ഇപ്പോളിതാ വിജയ് ശങ്കർ വീണ്ടും മികച്ച പ്രകടനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ഓർമിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകനായ രവി ശാസ്ത്രി. അന്ന് വിജയ് ശങ്കറെ ടീമിലെടുത്ത തൻ്റെ തീരുമാനം ശരിയായിരുന്നുവെന്ന് അടിവരയിടുന്നതാണ് വിജയ് ശങ്കറുടെ പ്രകടനമെന്ന് ശാസ്ത്രി പറയുന്നു. പ്രതിഭയുള്ള താരമായത് കൊണ്ടാണ് അന്ന് വിജയ് ശങ്കറെ ടീമിലെടുത്തത്. പ്രതികൂലഘടകങ്ങളും ശസ്ത്രക്രിയ അടക്കം മറ്റ് പ്രശ്നങ്ങളും അദ്ദേഹം നേരിട്ടു. അതെല്ലാം മറികടന്ന് അദ്ദേഹം മികവിലേക്ക് തിരിച്ചെത്തിയെന്ന് കാണുന്നതിൽ സന്തോഷമുണ്ട്.
എത്രമനോഹരമായാണ് അയാൾ കളിച്ചത്. ഗംഭീരമായി പന്തുകൾ ഹിറ്റ് ചെയ്തു. ഒരുപാട് ഷോട്ടുകൾ അയാളുടെ കയ്യിലുണ്ട്. വിജയ് ശങ്കർ ഇങ്ങനെ പ്രകടനം നടത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ശാസ്ത്രി പറഞ്ഞു. ഇതോടെ 23 ലോകകപ്പിലും വിജയ് ശങ്കർ ടീമിലെത്തുമോ എന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്.