Pant Cites Injuries for LSG's Poor Show; Kaif Delivers Brutal Response
ഐപിഎല്‍ 2025 സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ് ലഖ്‌നൗ. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ 6 വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗ ഐപിഎല്ലില്‍ നിന്നും പുറത്തായത്. മത്സരശേഷം ഇതിനെ പറ്റി പ്രതികരിക്കവെ പരിക്കുകളാണ് ലഖ്‌നൗവിനെ ഈ സീസണില്‍ തകര്‍ത്തതെന്നാണ് നായകനായ റിഷഭ് പന്ത് വ്യക്തമാക്കിയത്. അതേസമയം ടൂര്‍ണമെന്റിലെ തന്റെ മോശം ഫോമിനെ പറ്റി യാതൊന്നും പന്ത് സംസാരിച്ചില്ല.
ഇത് ഞങ്ങളുടെ മികച്ച സീസണുകളില്‍ ഒന്നാകുമായിരുന്നു. മികച്ച ടീമിനെയാണ് സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ ഞങ്ങള്‍ക്ക് ധാരാളം പരിക്കുകളും വിടവുകളുമുണ്ടായിരുന്നു. ഈ വിടവുകള്‍ നികത്താന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. താരലേലത്തില്‍ ആസൂത്രണം ചെയ്ത നിലയിലുള്ള ബൗളിംഗ് നിരയായിരുന്നു കളിക്കാനിറങ്ങിയതെങ്കില്‍... പക്ഷേ ഇത് ക്രിക്കറ്റാണ്. ചിലപ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് വരും. ചിലപ്പോള്‍ അത് സംഭവിക്കില്ല. ഈ സീസണിലെ പോസീറ്റീവ് കാര്യങ്ങളെ മാത്രമാണ് എടുക്കാന്‍ ആഗ്രഹിക്കുന്നതെന്നും പന്ത് വ്യക്തമാക്കി. അതേസമയം പന്തിന്റെ ഈ പ്രതികരണത്തെ രൂക്ഷഭാഷയിലാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്. ഒരു സീസണില്‍ മുഴുവനായി കളിക്കുന്ന താരങ്ങള്‍ക്ക് വേണ്ടിയാകും താന്‍ വലിയ തുക മുടക്കുകയെന്നും എന്നാല്‍ ലഖ്‌നൗവിന്റെ ബൗളിംഗ് യൂണിറ്റ് മുഴുവന്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളവരാണെന്നും കൈഫ് പറയുന്നു. പരിക്കിന് വലിയ സാധ്യതയുള്ള താരങ്ങളെ വലിയ തുകയ്ക്ക് റീട്ടെയ്ന്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നും പകരം താരലേലത്തില്‍ അവരെ വാങ്ങാാനാണ് ശ്രമിക്കേണ്ടതെന്നും കൈഫ് പറഞ്ഞു.