Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ സാള്‍ട്ടിന്റെ റണ്‍ഔട്ടില്‍ വിമര്‍ശനം
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു
Phil Salt Run Out: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിക്ക് വിമര്‍ശനം. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ കോലി റണ്‍ഔട്ട് ആക്കിയതാണ് ആര്‍സിബി ആരാധകരെ ചൊടിപ്പിച്ചത്. ഫില്‍ സാള്‍ട്ട് കുറച്ചുനേരം കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ആര്‍സിബി ഈ കളിയില്‍ തോല്‍ക്കില്ലായിരുന്നെന്ന് ആരാധകര്‍ പറയുന്നു.
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ഡല്‍ഹിയുടെ പേസ് കുന്തമുന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ 24 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. ആര്‍സിബിയുടെ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച സമയത്താണ് സാള്‍ട്ടിന്റെ പുറത്താകല്‍.
അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഒരു അതിവേഗ സിംഗിളിനു ശ്രമിച്ചതാണ് സാള്‍ട്ടും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന വിരാട് കോലിയും. സാള്‍ട്ടിന്റെ കോളിനു ശേഷം കോലിയും സിംഗിളിനായി ഓടി തുടങ്ങി. എന്നാല്‍ പന്ത് ഫീല്‍ഡല്‍ വിപ്രജ് നിഗത്തിന്റെ കൈയില്‍ സുരക്ഷിതമായതോടെ കോലി തിരിച്ചോടി. അപ്പോഴേക്കും സാള്‍ട്ട് പിച്ചിന്റെ പകുതിയിലേക്ക് എത്താറായി. തിരിച്ചോടുന്നതിനിടെ കാല്‍ മടങ്ങി വീഴുക കൂടി ചെയ്തതോടെ സാള്‍ട്ടിനെ അനായാസം റണ്‍ഔട്ടാക്കാന്‍ ഡല്‍ഹിക്ക് സാധിച്ചു.
റണ്‍ഔട്ടില്‍ ഫില്‍ സാള്‍ട്ടും വിരാട് കോലിയും ഒരുപോലെ നിരാശരായി. കോലി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ റണ്‍ഔട്ട് ഒഴിവാക്കാമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. ഫില്‍ സാള്‍ട്ടിനെ ഔട്ടാക്കാന്‍ കോലി ഡല്‍ഹിയെ സഹായിച്ചെന്നും പരിഹാസമുണ്ട്.
17 പന്തില്‍ 37 റണ്‍സെടുത്താണ് ഫില്‍ സാള്‍ട്ട് മടങ്ങിയത്. അധികം വൈകാതെ 14 പന്തില്‍ 22 റണ്‍സെടുത്ത് കോലിയും മടങ്ങി.