Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് റേറ്റില്‍ 69 റണ്‍സ് അടിച്ചുകൂട്ടി
Punjab Kings: ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയവുമായി പഞ്ചാബ് കിങ്‌സ്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ട് വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 22 പന്തുകളും എട്ട് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു. പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് ആണ് കളിയിലെ താരം.
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് റേറ്റില്‍ 69 റണ്‍സ് അടിച്ചുകൂട്ടി. നായകന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. നേഹാല്‍ വധേര (25 പന്തില്‍ പുറത്താകാതെ 43) ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. ശ്രേയസിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.
രണ്ട് കളികളില്‍ രണ്ടും ജയിച്ച പഞ്ചാബ് നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ആര്‍സിബി ആണ് ഒന്നാമത്. ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാമതും ഗുജറാത്ത് ടൈറ്റന്‍സ് നാലാമതും.