Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ആയി
Punjab Kings vs Kolkata Knight Riders
Punjab Kings: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് പഞ്ചാബ് കിങ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 111 റണ്‍സ് പ്രതിരോധിച്ച പഞ്ചാബ് 16 റണ്‍സിനാണ് ജയിച്ചത്.
ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ആയി. അനായാസ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 15.1 ഓവറില്‍ 95 നു അവസാനിച്ചു. പഞ്ചാബിനായി നാല് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കളിയിലെ താരം.
72-4 എന്ന നിലയില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച ശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. പിന്നീട് 23 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും നഷ്ടമായി. അഗ്ക്രിഷ് രഘുവന്‍ശി (28 പന്തില്‍ 37), നായകന്‍ അജിങ്ക്യ രഹാനെ (17 പന്തില്‍ 17), ആന്ദ്രേ റസല്‍ (11 പന്തില്‍ 17) എന്നിവരൊഴികെ കൊല്‍ക്കത്തയുടെ മറ്റെല്ലാ താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. ചഹല്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3.1 ഓവറില്‍ 17 നു മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് (15 പന്തില്‍ 30) ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ശശാങ്ക് സിങ് 17 പന്തില്‍ 18 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണ മൂന്നും വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.
ആറ് കളികളില്‍ നാല് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. കൊല്‍ക്കത്ത ഏഴ് കളികളില്‍ മൂന്ന് ജയത്തോടെ ആറാമത്.