Punjab Kings vs Lucknow Super Giants: പഞ്ചാബിന്റെ വിജയഗാഥ തുടരുന്നു; ലഖ്‌നൗവിനു തോൽവി
പഞ്ചാബിനായി പ്രിയാൻഷ് ആര്യ 37 പന്തിൽ നാല് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസ് നേടി
Publish Date: Mon, 20 Apr 2026 (06:58 IST)
Updated Date: Mon, 20 Apr 2026 (07:02 IST)
Punjab Kings vs Lucknow Super Giants: ഐപിഎലിൽ വിജയവഴിയിൽ തുടർന്ന് പഞ്ചാബ് കിങ്‌സ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പഞ്ചാബ് 54 റൺസിനു തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ലഖ്‌നൗവിന്റെ ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 നു അവസാനിച്ചു.
പഞ്ചാബിനായി പ്രിയാൻഷ് ആര്യ 37 പന്തിൽ നാല് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസ് നേടി. 251.35 സ്‌ട്രൈക് റേറ്റിലാണ് പ്രിയാൻഷിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. കൂപ്പർ കൊണോലി 46 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 87 റൺസെടുത്തു. മാർകസ് സ്റ്റോയ്‌നിസ് 16 പന്തിൽ 29 റൺസ് നേടി.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി നായകൻ റിഷഭ് പന്ത് (23 പന്തിൽ 43), ഏദൻ മാർക്രം (22 പന്തിൽ 42), മിച്ചൽ മാർഷ് (28 പന്തിൽ 40) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലംകണ്ടില്ല. പഞ്ചാബിനായി മാർക്കോ യാൻസൺ നാല് ഓവറിൽ 37 വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് പഞ്ചാബ്. ആറ് കളികൾ പിന്നിടുമ്പോൾ അഞ്ചിലും ജയിച്ച് 11 പോയിന്റോടെ പഞ്ചാബ് ഒന്നാം സ്ഥാനത്താണ്. ഒരു കളി മഴമൂലം ഉപേക്ഷിച്ചു. രണ്ടാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആറ് കളികളിൽ നാലിൽ ജയിക്കുകയും രണ്ട് തോൽവി വഴങ്ങുകയും ചെയ്തിട്ടുണ്ട്.