രാജസ്ഥാൻ താരമായ ജോസ് ബട്ട്‌ലറിനെ ആർ അശ്വിൻ മങ്കാദിംഗ് നടത്തി പുറത്താക്കിയത് 2018ലെ ഐപിഎല്ലിലെ ഏറ്റവും ചർച്ചവിഷയമായ സംഭവമായിരുന്നു. അശ്വിൻ ചെയ്തത് വൻ ചതിയാണെന്ന് പല ക്രിക്കറ്റ് താരങ്ങൾ തന്നെ അഭിപ്രായം പറഞ്ഞപ്പോൾ ക്രിക്കറ്റിൽ അനുവദനീയമായ റണ്ണൗട്ടാണിതെന്ന് എംസിസി പിന്നീട് വ്യക്തമാക്കി.
ഇതോടെ മങ്കാദിംഗ് എന്ന വാക്ക് തന്നെ എംസിസി ഒഴിവാക്കുകയും ബൗളർമാർക്ക് തങ്ങൾ ബൗളിംഗ് പൂർത്തികരിക്കും മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ ഔട്ടാക്കാനുള്ള അവകാശം നൽകുകയും ചെയ്തിരുന്നു. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആർസിബി താരം ഹർഷൽ പട്ടേൽ അവസാന ഓവറിലെ അവസാന പന്തിൽ ഇത്തരത്തിൽ ബാറ്ററെ പുറത്താക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിഷയത്തിൽ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിലവിൽ രാജസ്ഥാൻ താരമായ ആർ അശ്വിൻ.
കൂടുതൽ ബൗളർമാർ നിയമം അനുവദിക്കുന്ന ഈയൊരു കാര്യം ചെയ്യാൻ മുന്നോട്ട് വരുന്നു എന്നത് സന്തോഷകരമാണ്. നിയമത്തിൻ്റെ കീഴിൽ ഇത്തരമൊരു കാര്യമുള്ള കാലം ഇത്തരത്തിൽ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. 2019ൽ രാഹുൽ ചാഹറിനെ ഇത്തരത്തിൽ പുറത്താക്കാൻ കഴിഞ്ഞിരുന്നെങ്കിലും പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയേനെ. ബാറ്റർമാർക്ക് ഏറെ അനുകൂലമായ നിയമങ്ങളാണ് ക്രിക്കറ്റിലുള്ളത്. ഒരു ബൗളർ നാലോവറിൽ 45 റൺസ് വിട്ടുകൊടുത്താൽ വിമർശിക്കപ്പെടും എന്നാൽ ഒരു ബാറ്റർ 8 പന്തിൽ നിന്നും 4 റൺസെടുത്താൽ ആരും അതേ പറ്റി പറയില്ല. ഈ ലെൻസ് മാറ്റപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം യാഷ് ദയാൽ 5 സിക്സ് വിട്ടുകൊടുത്തും ഗുജറാത്ത് ടൈറ്റൻസ് താരത്തിനൊപ്പം നിന്നതിൽ എനിക്ക് സന്തോഷമുണ്ട്. അശ്വിൻ പറഞ്ഞു.