Rajasthan Royals, IPL 2024
ഐപിഎല്ലിലെ ആദ്യ പാദമത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ശേഷം അവസാന മത്സരങ്ങളില്‍ ആരാധകരെ നിരാശരാക്കി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിലുടനീളം എല്ലാ മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പൊരുതിയ രാജസ്ഥാന്‍ ഇന്നലെ ചെന്നൈയ്ക്ക് മുന്നില്‍ എന്താണ് ചെയ്യാനുള്ളതെന്ന് അറിയാതെ പകച്ചുനില്‍ക്കുന്നതാണ് കാണാനായത്. ചെന്നൈക്കെതിരെ പരാജയപ്പെട്ടതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
ഐപിഎല്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനങ്ങളിലെത്തുക പ്രധാനമാണ്. അതിനായി ഇനിയുള്ള 2 മത്സരങ്ങളിലും രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്. 12 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 12 മത്സരങ്ങളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ രണ്ടാമതാണ്. ഇന്ന് ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ശേഷിക്കുന്ന 2 മത്സരങ്ങളിലും രാജസ്ഥാന്‍ വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ രാജസ്ഥാന് ഒന്നാമതായി പ്ലേ ഓഫിലെത്താനുള്ള സാധ്യത തുറക്കും. ഇത് കൂടാതെ ഹൈദരാബാദ് ശേഷിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെടുകയാണെങ്കില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കും. പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെയാണ് രാജാസ്ഥാന്റെ അടുത്ത മത്സരങ്ങള്‍.
ചെന്നൈയ്ക്ക് രാജസ്ഥാനേക്കാള്‍ ഉയര്‍ന്ന റണ്‍റേറ്റുള്ളതിനാല്‍ തന്നെ ശേഷിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചെങ്കില്‍ മാത്രമെ ആദ്യ 2 സ്ഥാനക്കാരായി പ്ലേ ഓഫിലെത്താന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുകയുള്ളു. 2 മത്സരങ്ങളിലും പരാജയപ്പെടുന്ന പക്ഷം റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആദ്യ നാലില്‍ നിന്നും പുറത്താകാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ തന്നെ ശേഷിക്കുന്ന 2 മത്സരങ്ങളിലും രാജസ്ഥാന് മികച്ച പ്രകടനം തന്നെ നടത്തേണ്ടതായി വരും.