RCB vs LSG: അനായാസം ആർസിബി; പോയിന്റ് ടേബിളിൽ ഒന്നാമത്
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായാണ് ആർസിബി ലഖ്‌നൗവിനെ തോൽപ്പിച്ചത്
Publish Date: Thu, 16 Apr 2026 (07:48 IST)
Updated Date: Thu, 16 Apr 2026 (07:51 IST)
RCB vs LSG: കുതിപ്പ് തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് സീസണിലെ നാലാം ജയം ആർസിബി സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ മാത്രമാണ് ആർസിബി തോൽവി വഴങ്ങിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ ആർസിബി ഒന്നാം സ്ഥാനത്തേക്ക് എത്തി.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായാണ് ആർസിബി ലഖ്‌നൗവിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 146 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ 29 പന്തുകളും അഞ്ച് വിക്കറ്റും ശേഷിക്കെ ആർസിബി ലക്ഷ്യം കണ്ടു.
ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ വിരാട് കോലി ആർസിബിക്കായി 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 49 റൺസ് നേടി ടോപ് സ്‌കോററായി. രജത് പാട്ടിദർ (13 പന്തിൽ 27), ജിതേഷ് ശർമ (ഒൻപത് പന്തിൽ 23), ടിം ഡേവിഡ് (എട്ട് പന്തിൽ പുറത്താകാതെ 14), റൊമാരിയോ ഷെപ്പേർഡ് (എട്ട് പന്തിൽ പുറത്താകാതെ 14) എന്നിവരും ആർസിബിക്കായി തിളങ്ങി.
32 പന്തിൽ 40 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മുകുൽ ചൗധരി (28 പന്തിൽ 39), ആയുഷ് ബദോനി (24 പന്തിൽ 38) എന്നിവരും ലഖ്‌നൗവിനായി തിളങ്ങി. ബെംഗളൂരുവിനായി റാഷിക് സലാം ദാർ നാല് ഓവറിൽ 24 വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബുവനേശ്വർ കുമാറിനു മൂന്ന് വിക്കറ്റ്. ക്രുണാൽ പാണ്ഡ്യ രണ്ടും ജോഷ് ഹെയ്‌സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.