ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകസ്ഥാനം ഒഴിഞ്ഞ റിക്കി പോണ്ടിംഗിന് പുതിയ ചുമതല. അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകനായി താരം ചുമതലയേല്‍ക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി പരിശീലക സ്ഥാനം ഒഴിഞ്ഞ് 2 മാസത്തിനകമാണ് പോണ്ടിംഗ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ള കരാറാണ് പോണ്ടിംഗ് പഞ്ചാബുമായി ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിന്റെ മറ്റ് പരിശീലകര്‍ ആരെല്ലാം വേണമെന്ന കാര്യത്തിലും പോണ്ടിംഗ് തന്നെയാകും തീരുമാനമെടുക്കുന്നത്. കഴിഞ്ഞ നാല് സീസണുകളിലായി പഞ്ചാബ് പരിശീലകനായി എത്തുന്ന മൂന്നാമത്തെ പരിശീലകനാണ് പോണ്ടിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ ഒമ്പതാമതായാണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.
2014ല്‍ റണ്ണേഴ്‌സ് അപ്പായ ശേഷം ഒരിക്കല്‍ പോലും പ്ലേ ഓഫില്‍ കയറാന്‍ പഞ്ചാബിനായിട്ടില്ല. പോണ്ടിംഗ് ടീമിലെത്തുന്നതോടെ അടുത്ത സീസണില്‍ ആരെയെല്ലാം നിലനിര്‍ത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനമെടുക്കുക പോണ്ടിംഗാകും. കഴിഞ്ഞ സീസണില്‍ തിളങ്ങിയ ശശാങ്ക് സിംഗ്,അശുതോഷ് ശര്‍മ,ആര്‍ഷദീപ് സിംഗ്,ജിതേഷ് ശര്‍മ,കഗിസോ റബാദ അടക്കമുള്ളവരെ പഞ്ചാബ് നിലനിര്‍ത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ അടുത്ത സീസണില്‍ പുതിയ നായകനെയും പഞ്ചാബിന് കണ്ടെത്തേണ്ടി വരും.
2008 മുതല്‍ കളിക്കാരനായി ഐപിഎല്ലിന്റെ ഭാഗമായ പോണ്ടിംഗ് 2014ല്‍ മുംബൈ ഇന്ത്യന്‍സ് മെന്ററായും 2015,2016 സീസണുകളില്‍ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനായ പോണ്ടിംഗ് 3 സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചെങ്കിലും കിരീടം നേടികൊടുക്കാനായില്ല.