Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ചെയ്യാനെത്തിയത് ഏഴാമനായി
Rishabh Pant: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് തുടരെ നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും അസ്വസ്ഥരാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പന്തിനു ഫോം വീണ്ടെടുക്കാന്‍ സാധിക്കാത്തത് താരത്തിന്റെ ഭാവിയെ സാരമായി ബാധിച്ചേക്കാം.
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ചെയ്യാനെത്തിയത് ഏഴാമനായി. തന്റെ സ്ഥിരം നമ്പറായ നാലാമത് ഇറങ്ങാന്‍ താരത്തിനു യാതൊരു ആത്മവിശ്വാസവും ഇല്ലായിരുന്നു. അബ്ദുള്‍ സമദ്, ഡേവിഡ് മില്ലര്‍, ആയുഷ് ബദോനി എന്നിവര്‍ക്ക് ശേഷമാണ് പന്ത് ക്രീസിലെത്തിയത്. രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിനു പുറത്താകുകയും ചെയ്തു. മുകേഷ് കുമാറിന്റെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു ലഖ്‌നൗ നായകന്‍.
27 കോടിക്ക് ലേലത്തില്‍ വിളിച്ചെടുത്ത താരം പൂര്‍ണമായി നിരാശപ്പെടുത്തുമ്പോള്‍ ലഖ്‌നൗ മാനേജ്‌മെന്റ് എന്ത് ചെയ്യണം എന്നറിയാതെ സന്നിഗ്ദാവസ്ഥയിലാണ്. ഇതുവരെ ഒന്‍പത് കളികളില്‍ നിന്ന് 13.25 ശരാശരിയില്‍ 106 റണ്‍സ് മാത്രമാണ് പന്ത് നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 96.36 ആണ്. ഈ സീസണില്‍ നേരിട്ട പന്തുകളേക്കാള്‍ കുറവാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്ന റണ്‍സ്. 106 റണ്‍സെടുക്കാന്‍ 110 പന്തുകള്‍ നേരിടേണ്ടിവന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പന്തിന് 100 ല്‍ കുറഞ്ഞ സ്‌ട്രൈക് റേറ്റ് ഉണ്ടായിട്ടില്ല. അടിസ്ഥാന വിലയ്ക്കു വിളിച്ചെടുത്ത താരങ്ങള്‍ പോലും ഇതിനേക്കാള്‍ മികച്ച പ്രകടനം നടത്തുമ്പോഴാണ് എക്‌സ് ഫാക്ടറെന്ന നിലയില്‍ ലഖ്‌നൗ സ്വന്തമാക്കിയ പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത്.