Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക തോല്‍വിയെന്ന് ആരാധകര്‍
സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് റിഷഭ് പുറത്തായത്
Rishabh Pant: ഐപിഎല്ലില്‍ ഫോംഔട്ട് തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ജയിച്ചെങ്കിലും പന്ത് പതിവുപോലെ ബാറ്റിങ്ങില്‍ അമ്പേ പരാജയമായി. 27 കോടിക്ക് സ്വന്തമാക്കിയ പന്ത് ഇതുവരെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ രണ്ടക്കം കണ്ടത് ഒറ്റത്തവണ മാത്രം !
സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് റിഷഭ് പുറത്തായത്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 15 റണ്‍സെടുത്തും കൂടാരം കയറി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ രണ്ടും മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് പന്തില്‍ രണ്ടുമാണ് ലഖ്‌നൗ നായകന്റെ സമ്പാദ്യം.
ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നായി 4.75 ശരാശരിയില്‍ 19 റണ്‍സ് മാത്രമാണ് പന്ത് നേടിയിരിക്കുന്നത്. ലേലത്തില്‍ ലഭിച്ച 27 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു റണ്‍സിന്റെ മൂല്യം 1.42 കോടി രൂപ ! ഇത്ര വലിയ തുകയ്ക്കു പന്തിനെ വാങ്ങിയത് ലഖ്‌നൗ ചെയ്ത മണ്ടത്തരമാണെന്നാണ് ഐപിഎല്‍ ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.