Riyan Parag: റൺസെടുക്കില്ല, സിഗരറ്റ് വലിക്കും; രാജസ്ഥാൻ നായകനു വിമർശനം, നടപടിയോ? (വീഡിയോ)
ഡ്രസിങ് റൂമിലും സ്റ്റേഡിയം പരിസരത്തും പുകവലി പൂർണമായി നിരോധിച്ചിട്ടുള്ളതാണ്
Publish Date: Wed, 29 Apr 2026 (11:49 IST)
Updated Date: Wed, 29 Apr 2026 (11:57 IST)
Riyan Parag: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഇ-സിഗരറ്റ് ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. രാജസ്ഥാന്റെ ബാറ്റിങ് സമയത്ത് പരാഗ് ഡ്രസിങ് റൂമിൽ ഇരിക്കുമ്പോഴാണ് കൈയിൽ ഇ-സിഗരറ്റുമായി കാണപ്പെട്ടത്.
രാജസ്ഥാൻ ഇന്നിങ്‌സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. ലൈവ് ബ്രോഡ്കാസ്റ്റിനിടെ പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു. ടീമിലെ സഹതാരങ്ങളായ ധ്രുവ് ജുറലിനും യശസ്വി ജയ്‌സ്വാളിനും ഒപ്പമാണ് പരാഗ് ഡ്രസിങ് റൂമിൽ ഇരിന്നത്.
ഡ്രസിങ് റൂമിലും സ്റ്റേഡിയം പരിസരത്തും പുകവലി പൂർണമായി നിരോധിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പരാഗിന്റെ വേപ്പിംഗ് ദൃശ്യങ്ങൾ വിവാദമാകുമെന്ന് ഉറപ്പ്. മാത്രമല്ല ഇന്ത്യയിൽ ഇ-സിഗരറ്റിനു വിലക്കുണ്ട്. ഇ-സിഗരറ്റ് ഉത്പാദനം, വിൽപ്പന, ഉപയോഗം, കയറ്റുമതി, പരസ്യം എന്നിവയെല്ലാം 2019 ലെ PECA ആക്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വിലക്കിയിരിക്കുന്നത്.
ഇത്രയും ക്യാമറകൾ ഉള്ളപ്പോൾ രാജസ്ഥാന്റെ നായകൻ എങ്ങനെയാണ് പരസ്യമായി ഇ-സിഗരറ്റ് ഉപയോഗിച്ചതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. ബിസിസിഐയും രാജസ്ഥാൻ ടീം മാനേജ്‌മെന്റും പരാഗിനോടു വിശദീകരണം തേടുമെന്നാണ് റിപ്പോർട്ട്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയോടു വിഷയത്തിൽ പ്രതികരിക്കണമെന്ന് ടൈംസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഈ സീസണിൽ രാജസ്ഥാനു വേണ്ടി അത്ര മികച്ച പ്രകടനമല്ല പരാഗ് നടത്തിയിരിക്കുന്നത്. ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് 124.47 സ്‌ട്രൈക് റേറ്റിൽ വെറും 117 റൺസ് മാത്രമാണ് പരാഗ് നേടിയിരിക്കുന്നത്. ബൗളിങ്ങിൽ ആകട്ടെ ഒൻപത് കളികളിൽ നിന്ന് രണ്ട് വിക്കറ്റും.