ഐപിഎല്ലിൽ അഞ്ച് കിരീടനേട്ടങ്ങളുടെ പ്രതാപവും മികച്ച റെക്കോർഡുമുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഐപിഎൽ മെഗാതാരലേലത്തിന് ശേഷം മുംബൈ ടീമിൻ്റെ കാര്യം അത്ര നല്ലരീതിയിലല്ല. ടീമിൻ്റെ എഞ്ചിനായി നിന്നിരുന്ന പല താരങ്ങളെയും ലേലത്തിൽ മുംബൈയ്ക്ക് കൈവിടേണ്ടി വന്നതോടെ വീണ്ടും ഒന്നിൽ നിന്നും ടീം കെട്ടിപടുക്കേണ്ട നിലയിലാണ് മുംബൈ.
ഇതോടെ ഐപിഎല്ലിൽ മുന്നേറാൻ ഏറെ കഷ്ടപ്പെടുകയാണ് മുംബൈ. അതോടൊപ്പം നായകൻ രോഹിത് ശർമയുടെ നിറം മങ്ങിയ പ്രകടനം ടീമിന് ബാധ്യതയായി മാറുകയാണ്. പേസർ ട്രെൻഡ് ബോൾട്ട്, ബാറ്റർ ക്വിൻ്റൺ ഡികോക്ക്,ഓൾ റൗണ്ടർമാരായ ഹാർദ്ദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവർക്കൊപ്പം സീനിയർ താരം കീറോൺ പൊള്ളാർഡ് കൂടി പോയതോടെയാണ് മുംബൈ ടീം ആകെ തകർന്നത്.
ഓപ്പണിംഗിൽ നായകൻ രോഹിത്തിനോ യുവതാരം ഇഷാൻ കിഷനോ തിളങ്ങാനാകാത്തതും മുംബൈയെ തളർത്തുന്നു. 2021ന് ശേഷമുള്ള രോഹിത് ശർമയുടെ ഐപിഎൽ പ്രകടനം കണക്കിലെടുത്താൽ 29 മത്സരങ്ങളിൽ നിന്നും 23.13 ശരാശരിയിൽ 671 റൺസ് മാത്രമാണ് താരം മുംബൈയ്ക്കായി നേടിയിട്ടുള്ളത്. ഓപ്പണറായി ഇറങ്ങുന്ന താരം ഇത്രയും ഇന്നിങ്ങ്സുകളിൽ നിന്നും ആകെ നേടിയത് ഒരൊറ്റ അർധസെഞ്ചുറി മാത്രമാണ്.
മികച്ച തുടക്കം കിടിയിട്ടും പല ഇന്നിങ്ങ്സുകളിലും താരം 20-30നും ഇടയിൽ തൻ്റെ വിക്കറ്റ് വലിച്ചെറിയുന്നതിൽ ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഇത്രകാലവും മികച്ച മധ്യനിരയും ഡികോക്ക് അടക്കമുള്ള മറ്റ് താരങ്ങളും ഈ ദൗർബല്യം മറച്ചുപിടിച്ചുവെങ്കിൽ മുൻനിര താരങ്ങൾ പുറത്തായതോടെ രോഹിത്തിൻ്റെ ദൗബല്യവും പുറത്ത് വന്നിരിക്കുകയാണ്. ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് പരാജയമാകുന്നതാണ് കഴിഞ്ഞ സീസൺ മുതൽ മുംബൈ ആരാധകർ കാണുന്നത്. ഐപിഎല്ലിൽ രോഹിത് ശർമ അടിത്തിടെ കളിച്ച വലിയ ഒരു ഇന്നിങ്ങ്സ് ഏതാണെന്ന് തങ്ങൾക്ക് ഓർമ പോലുമില്ലെന്നും ചില ആരാധകർ പറയുന്നു. മൂർച്ച കുറഞ്ഞ ചെന്നൈ ബൗളിംഗിനെതിരെ പോലും രോഹിത് ശർമ പതറിയെന്നത് നിരാശപ്പെടുത്തുന്നുവെന്നും ഇവർ പറയുന്നു.