രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്നലെ ചെന്നൈയും രാജസ്ഥാനും തമ്മിൽ നടന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ നടന്ന മത്സരവും കഴിഞ്ഞ മത്സരങ്ങളിലേത് പോലെ അവസാന ഓവർ ത്രില്ലറിലേക്ക് നീണ്ടു. എന്നാൽ ധോനിയുടെ സിഎസ്കെയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്താൻ സഞ്ജുവിൻ്റെ രാജസ്ഥാനായി. രാജസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് 172 റൺസെടുക്കാനെ സാധിച്ചുള്ളു.
ചെന്നൈക്കെതിരെ ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ രാജസ്ഥാനായി. 16 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഒരു തവണ മാത്രമാണ് രാജസ്ഥാൻ ചെന്നൈക്കെതിരെ ചെപ്പോക്കിൽ വിജയിച്ചിട്ടുള്ളത്. 2008ൽ ഷെയ്ൻ വോണിൻ്റെ ക്യാപ്റ്റൻസിയിലായിരുന്നു രാജസ്ഥാൻ ചെന്നൈയെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയത്. ഇതിന് ശേഷം ഒരിക്കൽ പോലും ചെപ്പോക്കിൽ വിജയിക്കാൻ രാജസ്ഥാനായിരുന്നില്ല.
2014ന് ശേഷം സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിന് പുറമെ മുംബൈ ഇന്ത്യൻസ് മാത്രമാണ് ചെപ്പോക്കിൽ ചെന്നൈയെ തോൽപ്പിച്ചിട്ടുള്ളു. രോഹിതിൻ്റെ നായകത്വത്തിന് കീഴിൽ 2015,2019 വർഷങ്ങളിലായിരുന്നു മുംബൈയുടെ വിജയങ്ങൾ.