Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉരുക്ക് മുഷ്ടി, വിജയദാഹം, എന്തിനും പോന്നവന്‍; സഞ്ജുവില്‍ മാറ്റങ്ങളേറെ

webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (18:10 IST)
തനിക്കെതിരായ വിമര്‍ശനങ്ങളെയെല്ലാം ബാറ്റുകൊണ്ട് ബൗണ്ടറി കടത്തുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. എന്തിനും പോന്ന നായകനായി താന്‍ മാറികഴിഞ്ഞെന്ന് ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു തെളിയിച്ചു. തന്റെ മുന്നിലേക്ക് വരുന്ന പന്തിനെ സര്‍വ ശക്തിയുമെടുത്ത് ആട്ടിപ്പായിക്കുക എന്ന പ്രവണതയില്‍ നിന്ന് സഞ്ജു ഏറെ മാറി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സിന് തോല്‍വി വഴങ്ങിയപ്പോഴും സഞ്ജുവിന്റെ ഇന്നിങ്‌സ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായി.

വമ്പന്‍ സ്‌കോര്‍ ആണ് രാജസ്ഥാന് ചേസ് ചെയ്യേണ്ടിയിരുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കും മുന്‍പേ ബെന്‍ സ്റ്റോക്‌സിനെ പോലൊരു പ്രതിഭാശാലിയെ രാജസ്ഥാന് നഷ്ടമായി. പിന്നീട് ക്രീസിലെത്തുന്നത് സഞ്ജുവാണ്. നായകന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം. വിജയിക്കണമെങ്കില്‍ വലിയൊരു റണ്‍മല താണ്ടണം. അവിടെയാണ് സഞ്ജു വ്യത്യസ്തനായത്. മറുവശത്ത് നില്‍ക്കുന്ന ബട്ട്‌ലര്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തുന്നത് കണ്ടപ്പോള്‍ സഞ്ജു കാഴ്ചക്കാരനായി നിന്നു. ക്ഷമയോടെ ബട്ട്‌ലറിനു സ്‌ട്രൈക് കൈമാറുന്നതില്‍ മാത്രമായിരുന്നു സഞ്ജു ശ്രദ്ധിച്ചിരുന്നത്. റിയാന്‍ പരാഗ് ക്രീസിലെത്തിയപ്പോഴും സഞ്ജു തന്റെ റോള്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോയി. സഞ്ജുവിന്റെ പിന്തുണ പരാഗില്‍ കൂടുതല്‍ ആത്മവിശ്വാസം ജനിപ്പിച്ചു. 
 
വ്യക്തിഗത സ്‌കോര്‍ 12, 35 എന്നിവയില്‍ നില്‍ക്കുമ്പോള്‍ സാംസണ്‍ രണ്ട് ക്യാച്ചുകള്‍ സമ്മാനിച്ചു. കെ.എല്‍.രാഹുലും മായങ്ക് അഗര്‍വാളും അത് കൈവിട്ടു. ഈ നിമിഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വേറെ എവിടെയും താളപ്പിഴകള്‍ ഇല്ലാത്ത ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. വളരെ ശ്രദ്ധയോടെയാണ് സാംസണ്‍ തുടക്കം മുതല്‍ ബാറ്റ് വീശിയത്. റണ്‍ നിരക്ക് ഉയര്‍ത്തുകയും അതോടൊപ്പം വിക്കറ്റ് കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തം സഞ്ജുവിനുണ്ടായിരുന്നു. ഒടുവില്‍ 33 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ ശതകം തികച്ചത്. 
 
ഹാഫ് സെഞ്ചുറിക്ക് ശേഷമുള്ള സഞ്ജുവിന്റെ കളി എടുത്തുപറയേണ്ടതാണ്. വെറും 21 പന്തുകള്‍ കൂടി നേരിട്ട് സഞ്ജു സെഞ്ചുറിയിലേക്ക് കുതിച്ചു. ഒരിക്കല്‍ പോലും എതിരാളികള്‍ക്ക് തന്നെ പുറത്താക്കാന്‍ അവസരം നല്‍കിയില്ല. ഇന്നിങ്‌സിന്റെ ആദ്യ പകുതിയില്‍ താന്‍ നന്നായി ബുദ്ധിമുട്ടിയെന്ന് സഞ്ജുവും പറഞ്ഞു. പഞ്ചാബിനെതിരായ ഇന്നിങ്‌സിന്റെ രണ്ടാം പകുതി ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണെന്നും താരം അവകാശപ്പെടുന്നു. അര്‍ധ സെഞ്ചുറി തികയ്ക്കുന്നതുവരെ സിംഗിളുകള്‍ കൂടുതല്‍ നേടിയതും സ്‌ട്രൈക് റൊട്ടേറ്റ് ചെയ്തതും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വേണ്ടിയായിരുന്നെന്നും രാജസ്ഥാന്‍ നായകന്‍ മത്സരശേഷം പറഞ്ഞു. 
 
പാറപോലെ ഉറച്ച മനസാന്നിധ്യമാണ് സഞ്ജു പുലര്‍ത്തിയത്. വന്‍ വിജയലക്ഷ്യമാണ് പിന്തുടരാന്‍ ഉള്ളതെന്ന് അറിയാമെങ്കിലും സഞ്ജുവിന് സമ്മര്‍ദമുണ്ടായിരുന്നില്ല. ബൗളേഴ്‌സിന് മുകളിലൂടെ സ്‌ട്രൈറ്റ് ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചതും സഞ്ജുവിന് തുണയായി. ബാറ്റിങ്ങില്‍ തന്റെ ടെക്‌നിക്കാലിറ്റിയും സഞ്ജു വിനിയോഗിച്ചു. സഞ്ജുവിന്റെ കൈ കരുത്തും വേഗതയും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കൈയും കണ്ണുകളും തമ്മിലുള്ള കണക്ഷന്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിനെ സഹായിക്കുന്നു. ഒരേസമയം, ടെക്‌നിക്കാലിറ്റിയും ടൈമിങ്ങും കൈ കരുത്തും പ്രയോജനപ്പെടുത്താന്‍ കഴിവുള്ള അപൂര്‍വം കളിക്കാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍.

പലപ്പോഴും അശ്രദ്ധയോടെ ബാറ്റ് വീശുന്നതും മോശം ഷോട്ടുകള്‍ സെലക്ട് ചെയ്യുന്നതുമാണ് സഞ്ജുവിന് വിനയായിരുന്നത്. അക്കാര്യങ്ങളിലെല്ലാം സഞ്ജു വളരെ മുന്നേറിയതായാണ് പഞ്ചാബിനെതിരായ മത്സരത്തിലെ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുക്ക് മുഷ്ടി, വിജയദാഹം, എന്തിനും പോന്നവന്‍; സഞ്ജുവില്‍ മാറ്റങ്ങളേറെ