ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്നത്. ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് വെറും നാല് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത്. ഇരു ടീമിലെയും ബൗളര്‍മാര്‍ ഏറെ വിയര്‍പ്പൊഴുക്കിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. എറിയാന്‍ വന്നവരെല്ലാം ബാറ്റ്‌സ്മാന്‍മാരുടെ അടിയുടെ ചൂടറിഞ്ഞു. എന്നാല്‍, ഒരു പയ്യന്‍ മാത്രം ആ കൊടുങ്കാറ്റില്‍ ഉലയാതെ നിന്നു. രാജസ്ഥാന് വേണ്ടി ഇന്നലെ അരങ്ങേറ്റം കുറിച്ച ചേതന്‍ സക്കരിയയാണ് അത്.
ഇടംകൈയന്‍ പേസ് ബൗളറായ ചേതന്‍ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. ബെന്‍ സ്‌റ്റോക്‌സ് അടക്കമുള്ള പ്രമുഖര്‍ അടികൊണ്ട് വലഞ്ഞപ്പോഴാണ് ചേതന്‍ സക്കരിയയുടെ മിന്നുംപ്രകടനമെന്നതും എടുത്തുപറയേണ്ടതാണ്.
ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ശേഷമാണ് ചേതന്‍ ഐപിഎല്‍ കളിക്കാനെത്തിയിരിക്കുന്നത്. ഐപിഎല്‍ ആരംഭിക്കുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ മൂത്ത സഹോദരനെ ചേതന് നഷ്ടമാകുന്നത്. ചേതന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, തന്റെ സഹോദരന്‍ മരിച്ച വിവരം ചേതന്‍ അറിഞ്ഞില്ല. പത്ത് ദിവസത്തോളം ഇക്കാര്യം ചേതന്റെ വീട്ടുകാര്‍ ചേതന്‍ അറിയാതെ ഒളിപ്പിച്ചുവച്ചു. എസ്എംഎ ട്രോഫിക്കായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ചേതന്‍ അപ്പോള്‍. സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞാല്‍ ചേതന് അത് വലിയൊരു ഞെട്ടലാകുമെന്നും കരിയറിനെ ബാധിക്കുമെന്നും വീട്ടുകാര്‍ കരുതി. അതുകൊണ്ടാണ് മരണവാര്‍ത്ത ഒളിപ്പിച്ചുവച്ചത്. ക്രിക്കറ്റിനെ അത്രത്തോളം സ്‌നേഹിക്കുന്ന താരമാണ് ചേതന്‍ എന്ന് മത്സരശേഷം ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സെവാഗാണ് പറഞ്ഞത്.
1.2 കോടി രൂപയാക്കാണ് രാജസ്ഥാന്‍ റോയല്‍സ് ചേതന്‍ സക്കരിയയെ ലേലത്തില്‍ എടുത്തത്.