ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരെഞ്ഞെടുത്തു. 11 മത്സരങ്ങളില്‍ നിന്നും 15 പോയന്റുള്ള പഞ്ചാബിന് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഏറെക്കുറെ സാധിക്കും. അതേസമയം തങ്ങളുടെ അവസാന മത്സരങ്ങള്‍ വിജയത്തോടെ അവസാനിപ്പിക്കാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുക. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍ നായകസ്ഥാനത്ത് തിരിച്ചെത്തിയത് ടീമിന് കരുത്ത് നല്‍കും.
സഞ്ജു സാംസണ്‍ തിരിച്ചെത്തുമ്പോള്‍ വൈഭവ് സൂര്യവന്‍ഷി ഓപ്പണിംഗ് സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യമായിരുന്നു ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ സഞ്ജു തിരിച്ചെത്തിയ മത്സരത്തില്‍ വൈഭവ് തന്നെയാകും ഓപ്പണിംഗില്‍ ഇറങ്ങുകയെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. കുനാല്‍ സിങ് റാത്തോര്‍, ജോഫ്ര ആര്‍ച്ചര്‍,മഹീഷ തീക്ഷണ എന്നിവര്‍ക്ക് പകരം ക്വെന മഫാക്ക, തുഷാര്‍ ദേഷ്പാണ്ഡെ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്നത്തെ മറ്റ്ഷരത്തിനുള്ളത്. അതേസമയം പഞ്ചാബ് നിരയില്‍ ജോഷ് ഇംഗ്ലീഷ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ക്ക് പകരം മിച്ചല്‍ ഓവന്‍, സാവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവരാണ് കളിക്കുന്നത്.
നേരത്തെ ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ വൈഭവ് സൂര്യവന്‍ഷിക്ക് സാധിച്ചിരുന്നു. വൈഭവ് എവിടെയാണോ ബാറ്റ് ചെയ്യുന്നത് അത് തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ ടീമിനായി നല്ല രീതിയില്‍ കളിച്ചു. ബാറ്റിംഗില്‍ താന്‍ മൂന്നാം സ്ഥാനത്താകും കളിക്കുക ടോസിംഗ് സമയത്ത് സഞ്ജു പറഞ്ഞു.
അതേസമയം സഞ്ജുവിന്റെ ഈ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്. ദേശീയ ടീമില്‍ ഓപ്പണറായി 3 സെഞ്ചുറികളുള്ള താരത്തിന് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തന്റെ ഓപ്പണിംഗ് സ്ഥാനം ത്യജിക്കേണ്ട കാര്യമില്ലെന്നും സഞ്ജുവിന്റെ വലിയ മനസ്സാണ് ഇത് കാണിക്കുന്നതെന്ന് പലരും പറയുന്നു. വൈഭവിനെ കണ്ട് സഞ്ജുവിന് അസൂയയാണെന്ന് പറഞ്ഞവര്‍ ഇത് കാണണമെന്നും ചില ആരാധകര്‍ പറയുന്നു.