ഐപിഎല്ലില്‍ പഞ്ചാബ് കിങ്ങ്‌സിനെതിരെ നേടിയ വിജയത്തോടെ പോയന്റ് പട്ടികയില്‍ മുന്നോട്ട് കുതിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരങ്ങളില്‍ വെറും ബാറ്ററായി മാത്രമെത്തിയ സഞ്ജു പഞ്ചാബിനെതിരെയാണ് നായകനെന്ന നിലയില്‍ മടങ്ങിയെത്തി. ഈ സീസണിലെ ശക്തരായ നിരയ്‌ക്കെതിരെ 50 റണ്‍സിന്റെ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ 26 പന്തില്‍ 38 റണ്‍സ് സ്വന്തമാക്കാന്‍ സഞ്ജുവിനായിരുന്നു.
മത്സരത്തിന്റെ പതിനൊന്നാം ഓവറില്‍ ടീം സ്‌കോര്‍ 89ല്‍ നില്‍ക്കെ പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ടീം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വമ്പനടിക്ക് ശ്രമിച്ച് പുറത്തായതിന്റെ നിരാശ സഞ്ജു മറച്ചുവെച്ചുമില്ല. പുറത്തായതിന് പിന്നാലെ നിരാശയില്‍ ബാറ്റ് നിലത്തെറിയുകയാണ് സഞ്ജു ചെയ്തത്. മത്സരത്തില്‍ ജയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയുടെയും റിയാന്‍ പരാഗിന്റെ 43 റണ്‍സിന്റെയും ബലത്തില്‍ 205 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. എന്നാല്‍ പഞ്ചാബിന്റെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. 41 പന്തില്‍ 62 റണ്‍സ് നേടിയ നേഹല്‍ വധേരയാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും സന്ദീപ് ശര്‍മ,മതീഷ തീക്ഷണ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.