സഹതാരം വെങ്കടേഷ് അയ്യരോട് ദേഷ്യപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും ബാറ്റ് ചെയ്യുകയായിരുന്നു. 16-ാം ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ ഡബിളിനായി വെങ്കടേഷ് അയ്യരെ വിളിക്കുകയും ചെയ്തു. എന്നാല്‍, ആദ്യം ഓടാന്‍ ശ്രമിച്ച വെങ്കടേഷ് പിന്നീട് ഡബിള്‍ നിരസിച്ചു. ഇതാണ് കൊല്‍ക്കത്ത നായകനെ പ്രകോപിപ്പിച്ചത്.
ഓടാന്‍ സമയമുണ്ടായിരുന്നല്ലോ? പിന്നെ എന്താണ് ഓടാതെ നില്‍ക്കുന്നതെന്ന് ശ്രേയസ് അയ്യര്‍ ദേഷ്യപ്പെട്ടുകൊണ്ട് വെങ്കടേഷ് അയ്യരോട് ചോദിക്കുകയായിരുന്നു.
പിന്നീട് 17-ാം ഓവറിലെ ആദ്യ പന്തില്‍ വെങ്കടേഷ് അയ്യര്‍ ഔട്ടാകുകയും ചെയ്തു. യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ കീപ്പര്‍ സഞ്ജു സാംസണ്‍ സ്റ്റംപിങ്ങിലൂടെയാണ് വെങ്കടേഷ് അയ്യരെ പുറത്താക്കിയത്. 16-ാം ഓവറിലെ അവസാന പന്തില്‍ ഡബിള്‍ ഓടിയിരുന്നെങ്കില്‍ 17-ാം ഓവറിലെ ആദ്യ പന്ത് നേരിടേണ്ടിയിരുന്നത് ശ്രേയസ് അയ്യര്‍ ആയിരുന്നു.