Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍
Shreyas Iyer: എല്ലാ സീസണിലും ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ കിരീടം ഇല്ലാത്ത ടീം എന്നതിനപ്പുറം പ്ലേ ഓഫ് പോലും കളിക്കാത്ത 'അടിവാരം' ടീമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പഞ്ചാബിനെ ട്രോളിയിരുന്നത്. എന്നാല്‍ ഈ സീസണില്‍ കഥയൊക്കെ മാറി. ഇത്തവണ പ്ലേ ഓഫില്‍ ഉറപ്പായും ഉണ്ടാകാന്‍ സാധ്യതയുള്ള ടീമായാണ് പഞ്ചാബിനെ എല്ലാവരും കാണുന്നത്. അതിനു പ്രധാന കാരണം നായകന്‍ ശ്രേയസ് അയ്യര്‍ തന്നെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. മെഗാ താരലേലത്തിനു മുന്‍പ് ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ശ്രമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശ്രേയസിനെ കൊല്‍ക്കത്ത കൈവിട്ടു. താരലേലത്തിലേക്ക് എത്തിയപ്പോള്‍ 26.75 കോടി മുടക്കി പഞ്ചാബ് ശ്രേയസിനെ സ്വന്തമാക്കി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പഞ്ചാബ് ജയിച്ചപ്പോള്‍ ശ്രേയസിന്റെ ഇന്നിങ്‌സുകള്‍ നിര്‍ണായകമായി. രണ്ടിലും പുറത്താകാതെ അര്‍ധ സെഞ്ചുറി നേടാന്‍ പഞ്ചാബ് നായകനു സാധിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് കളിയിലെ താരമായി. ലഖ്‌നൗവിനെതിരെ പഞ്ചാബ് എട്ട് വിക്കറ്റിനു ജയിച്ചപ്പോള്‍ 30 പന്തില്‍ 52 റണ്‍സുമായി ശ്രേയസ് പുറത്താകാതെ നിന്നു.
എട്ടാമതോ ഒന്‍പതാമതോ ആയി ക്രീസിലെത്തുന്ന മാര്‍ക്കോ ജാന്‍സണ്‍ വരെ പഞ്ചാബ് നിരയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള താരമാണ്. വരുന്നവര്‍ക്കെല്ലാം കൂളായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ബാറ്റിങ് ഡെപ്ത്താണ് പഞ്ചാബിനെ ഇത്തവണ വ്യത്യസ്തമാക്കുന്നത്. ബൗളിങ്ങിലാകട്ടെ ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയവരും.