എതിരാളികളെ അവരുടെ മടയില്‍ പോയി കൊല്ലുക എന്നത് ധീരന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ചെന്നൈയുടെ കോട്ടയായ ചെപ്പോക്കില്‍ വെച്ച് മാര്‍ക്കസ് സ്‌റ്റോയിനിസ് എന്ന ഒറ്റയാന്‍ ചെന്നൈക്കെതിരെ ലഖ്‌നൗവിന് വിജയം നേടികൊടുക്കുമ്പോഴും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ സ്‌റ്റോയ്‌നിസിനൊപ്പം ഏറ്റവും ശ്രദ്ധ കിട്ടിയത് ഒരു ലഖ്‌നൗ ആരാധകനായിരുന്നു. ചെന്നൈ ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറിയില്‍ ചെന്നൈ ആരാധകകൂട്ടത്തിനൊത്ത നടുക്ക് പെട്ടിട്ടും ലഖ്‌നൗവിന് വേണ്ടി തൊണ്ടപൊട്ടുന്ന ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുന്ന ലഖ്‌നൗ ആരാധകന്റെ ദൃശ്യങ്ങള്‍ ഇന്നലെ വൈറലായിരുന്നു.
എതിരാളികള്‍ ചുറ്റും വട്ടം നില്‍ക്കുമ്പോഴും ആര്‍ത്തുവിളിക്കാനും ലഖ്‌നൗവിനെ പിന്തുണയ്ക്കാനും ആ ആരാധകന് സാധിച്ചത് ഈ ഐപിഎല്ലിലെ ഏറ്റവും മാസ് മൊമന്റാണ് എന്നാണ് ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹമാധ്യമങ്ങള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഈ ആരാധകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി ആളുകള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന് മുന്നിലെത്തിച്ചത്. ഈ മനുഷ്യന് എന്തെങ്കിലും കൊടുക്കണം എന്ന തലക്കെട്ടോടെയായിരുന്നു എക്‌സില്‍ ഒരു ആരാധകന്റെ ട്വീറ്റ്.
ഈ ട്വീറ്റ് ലഖ്‌നൗവിന്റെ ശ്രദ്ധയില്‍പ്പെടുകയും ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായ ജോണ്ടി റോഡ്‌സ് അതിന് എക്‌സില്‍ മറുപടി നല്‍കുകയും ചെയ്തു. ആ മനുഷ്യന് ഞങ്ങള്‍ ഈ 3 പോയിന്റ് കൊടുക്കുന്നു. പത്തൊമ്പതാം ഓവറില്‍ ബിഗ്‌സ്‌ക്രീനില്‍ അയാളള്‍ ചെന്നൈ ആരാധകര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് വേണ്ടി പിന്തുണ നല്‍കുന്നത് കണ്ടിരുന്നു. അതായിരുന്നു ആ നിമിഷം ഞങ്ങള്‍ക്കും ഏറെ ആവശ്യമായിട്ടുണ്ടായിരുന്നത്. റോഡ്‌സ് എക്‌സില്‍ കുറിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റുതുരാജ് ഗെയ്ക്ക്വാദ് 60 പന്തില്‍ 108 റണ്‍സുമായി ചെന്നൈയെ 210 എന്ന ടോട്ടലിലെത്തിച്ചിരുന്നു. 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. വിജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ ലഖ്‌നൗവിനായി.