ഐപിഎല്‍ പുതിയ സീസണിന് വെടിക്കെട്ടോടെ തുടക്കം കുറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളിംഗ് തിരെഞ്ഞെടുത്തതോടെ കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്ത് നിന്ന് തുടങ്ങുന്ന സണ്‍റൈസേഴ്‌സിനെയാണ് കാണാനായത്. പവര്‍പ്ലേയില്‍ മാത്രം 90 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ ഗ്യാലറിയില്‍ വെടിക്കെട്ട് ആസ്വദിക്കുന്ന സണ്‍റൈസേഴ്‌സ് ഓണര്‍ കാവ്യ മാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.
ഓപ്പണര്‍മാരായ അഭിഷേകും ട്രാവിസ് ഹെഡും വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ ആദ്യ ഓവറുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പതറുന്ന രാജസ്ഥാന്‍ നായകനെയാണ് കാണാനായത്. 11 പന്തില്‍ 5 ബൗണ്ടറികളടക്കം 24 റണ്‍സുമായി അഭിഷേക് മടങ്ങിയെങ്കിലും ട്രാവിസ് ഹെഡ് ആക്രമണം നിര്‍ത്തിയില്ല. മൂന്നാമനായെത്തിയ ഇഷാന്‍ കിഷനും ആക്രമണം അഴിച്ചുവിട്ടതോടെ ഹൈദരാബാദില്‍ റണ്‍സൊഴുകുന്ന കാഴ്ചയാണ് ആരാധകര്‍ക്ക് കാണാനായത്. 31 പന്തില്‍ 3 സിക്‌സും 9 ബൗണ്ടറിയുമടക്കം 67 റണ്‍സുമായി ട്രാവിസ് ഹെഡ് മടങ്ങിയപ്പോഴേക്കും 10 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 130 റണ്‍സ് ചേര്‍ക്കാന്‍ സണ്‍റൈസേഴ്‌സിനായിരുന്നു.
അഭിഷേക് ശര്‍മയെ മതീഷ തീക്ഷണയും ട്രാവിസ് ഹെഡിനെ തുഷാര്‍ ദേശ്പാണ്ഡെയുമാണ് മടക്കിയത്.