Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ നിന്നാല്‍ പുഷ്പം പോലെ; ലഖ്‌നൗവിനു ജയം
ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി
Sunrisers Hyderabad vs Lucknow Super Giants: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ അഞ്ച് വിക്കറ്റ് ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 നേടിയപ്പോള്‍ ലഖ്‌നൗ അഞ്ച് വിക്കറ്റുകളും 23 പന്തുകളും ശേഷിക്കെ അത് മറികടന്നു.
ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി. പൂറാന്‍ വെറും 26 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും സഹിതം 70 റണ്‍സും മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സും നേടി. അബ്ദുള്‍ സമദ് (എട്ട് പന്തില്‍ 22), ഡേവിഡ് മില്ലര്‍ (ഏഴ് പന്തില്‍ 13) എന്നിവര്‍ പുറത്താകാതെ നിന്നു.
ഓപ്പണര്‍ ട്രാവിസ് ഹെഡ് (28 പന്തില്‍ 47) ആണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. അനികേത് വര്‍മ (13 പന്തില്‍ 36), നിതീഷ് റെഡ്ഡി (28 പന്തില്‍ 32), ഹെന്റിച്ച് ക്ലാസന്‍ (17 പന്തില്‍ 26) എന്നിവരും ആതിഥേയര്‍ക്കായി തിളങ്ങി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ലഖ്‌നൗ താരം ശര്‍ദുല്‍ താക്കൂര്‍ ആണ് കളിയിലെ താരം.