Suryakumar Yadav: സൂര്യയുടെ ഫോംഔട്ട് മുംബൈയ്ക്ക് വിനയാകുന്നു; പ്ലേ ഓഫ് കാണാതെ പുറത്താകുമോ?
ഈ സീസണിൽ അഞ്ച് കളികളിൽ നിന്ന് 151.43 സ്‌ട്രൈക് റേറ്റിൽ സൂര്യകുമാർ ഇതുവരെ നേടിയിരിക്കുന്നത് വെറും 106 റൺസ് മാത്രം
Publish Date: Fri, 17 Apr 2026 (09:17 IST)
Updated Date: Fri, 17 Apr 2026 (09:19 IST)
Suryakumar Yadav: കഴിഞ്ഞ സീസണിൽ 16 കളികളിൽ നിന്ന് 717 റൺസ് നേടിയ താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ ഇത്തവണ ഫോം കണ്ടെത്താൻ സാധിക്കാതെ താരം പതറുകയാണ്. അതിന്റെ തിക്തഫലം അനുഭവിക്കുന്നതാകട്ടെ മുംബൈ ഇന്ത്യൻസും !
ഈ സീസണിൽ അഞ്ച് കളികളിൽ നിന്ന് 151.43 സ്‌ട്രൈക് റേറ്റിൽ സൂര്യകുമാർ ഇതുവരെ നേടിയിരിക്കുന്നത് വെറും 106 റൺസ് മാത്രം. 16, 51, 6, 33, 0 എന്നിങ്ങനെയാണ് താരത്തിന്റെ ഓരോ കളികളിലെയും വ്യക്തിഗത സ്‌കോറുകൾ. ഡൽഹി ക്യാപിറ്റൽസിനെതിരെ 36 പന്തുകൾ നേരിട്ടാണ് 51 റൺസെടുത്തതെന്നത് എടുത്തുപറയണം.
സമീപകാലത്ത് രാജ്യാന്തര ടീമിനു വേണ്ടിയും സൂര്യക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. ട്വന്റി 20 ലോകകപ്പിൽ 242 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. ഐപിഎല്ലിൽ 16.35 കോടിക്കാണ് മുംബൈ ഇന്ത്യൻസ് താരത്തെ നിലനിർത്തിയത്.
അതേസമയം തുടർച്ചയായി നാല് പരാജയങ്ങൾ വഴങ്ങി മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിലും താഴെയാണ്. അഞ്ച് കളികളിൽ രണ്ട് പോയിന്റ് മാത്രമായി ഒൻപതാം സ്ഥാനത്താണ് മുംബൈ ഇപ്പോൾ.