Virat Kohli: ഈ തോല്‍വിക്ക് കോലിയും കാരണക്കാരന്‍, ഇത് ഏകദിനമല്ല; ആര്‍സിബി താരത്തിനു രൂക്ഷ വിമര്‍ശനം
ആര്‍സിബിയുടെ തോല്‍വിയില്‍ കോലിക്കും പങ്കുണ്ടെന്നാണ് പ്രധാന വിമര്‍ശനം
Virat Kohli: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിക്ക് രൂക്ഷ വിമര്‍ശനം. ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ കോലി ആണെങ്കിലും ചിന്നസ്വാമി ഗ്രൗണ്ടില്‍ കളിക്കേണ്ട രീതിയില്‍ അല്ല താരം ബാറ്റ് ചെയ്തതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് വേണ്ടി വിരാട് കോലി 59 പന്തില്‍ നാല് ഫോറും നാല് സിക്സും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. മധ്യ ഓവറുകളില്‍ കോലിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ വരാതെയായി. ഇത് ടീമിന്റെ റണ്‍റേറ്റിനെ ബാധിച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം. സ്ലോവര്‍ ബോളുകള്‍ കളിക്കാന്‍ കോലി നന്നായി കഷ്ടപ്പെട്ടിരുന്നു. ഏകദിന ശൈലിയിലാണ് കോലി ബാറ്റ് ചെയ്തതെന്നും ആരാധകര്‍ പറയുന്നു.
ആര്‍സിബിയുടെ തോല്‍വിയില്‍ കോലിക്കും പങ്കുണ്ടെന്നാണ് പ്രധാന വിമര്‍ശനം. കോലി 59 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയപ്പോള്‍ കൊല്‍ക്കത്ത ടീം സ്‌കോര്‍ 85 ല്‍ എത്തിച്ചത് വെറും ആറ് ഓവറിലാണ് ! അതായത് കോലിയേക്കാള്‍ 23 പന്ത് കുറവേ വേണ്ടിവന്നുള്ളൂ. കോലി ബാറ്റ് ചെയ്ത പിച്ചില്‍ തന്നെയല്ലേ കൊല്‍ക്കത്തയുടെ ബാറ്റര്‍മാര്‍ കൂളായി അടിച്ചുകളിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. കോലി കുറച്ചുകൂടി അഗ്രസീവ് ആയി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ആര്‍സിബിയുടെ ടോട്ടല്‍ 200 കടന്നേനെ എന്നും ആരാധകര്‍ പറയുന്നു.