ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്സും തമ്മിൽ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടി ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ച യുവതാരം ശുഭ്മാൻ ഗില്ലിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം വിരേന്ദർ സെവാഗ്. ഗില്ലിൻ്റെ മോശം സ്ട്രൈക്ക്റേറ്റാണ് സെവാഗിനെ ചൊടിപ്പിച്ചത്.
ബാറ്റർമാർ വ്യക്തിഗതമായ നാഴികകല്ലുകൾക്കായി കളിക്കുന്നതിന് പകരം ടീമിനായി ചിന്തിക്കണം. 40 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയ ഗിൽ അടുത്ത 9 പന്തിൽ നിന്നും 27 റൺസാണ് നേടിയത്. ഈ വേഗത ഇന്നിങ്ങ്സിൻ്റെ തുടക്കത്തിൽ തന്നെ ഗില്ലിന് കാണിക്കാമായിരുന്നു. എന്നാൽ അർധസെഞ്ചുറി തികയ്ക്കുന്നതിനായി നാല്പതിലധികം പന്തുകൾ ഗിൽ നേരിട്ടു. ഗിൽ ആദ്യം തന്നെ സ്കോറിംഗ് വേഗത ഉയർത്തിയിരുന്നുവെങ്കിൽ മത്സരം അവസാന ഓവറിലേക്ക് പോകുമായിരുന്നില്ല. സെവാഗ് പറഞ്ഞു.
ഇത് ക്രിക്കറ്റാണ് ഞാൻ ഫിഫ്റ്റി അടിക്കുന്നു. അതുകൊണ്ട് ടീം ജയിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ പ്രകടനത്തെ പറ്റി ചിന്തിക്കുന്ന നിമിഷം ക്രിക്കറ്റ് നിങ്ങൾക്ക് തിരിച്ചടി നൽകും. ഇന്നിങ്ങ്സിൻ്റെ തുടക്കത്തിൽ സ്കോർ ഉയർത്തണമെന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ മത്സരം അവസാന ഓവറിലേക്ക് നീളില്ലായിരുന്നു. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന് പ്രാധാന്യം നൽകാൻ ഗിൽ പഠിക്കണം. സെവാഗ് വ്യക്തമാക്കി.