തോല്‍വിയുടെ ഭാരം പേറി നിരാശരായി കഴിഞ്ഞിരുന്ന പഞ്ചാബ് കിങ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ജയം വലിയ ആശ്വാസവും പ്രതീക്ഷയും പകരുന്നു. കെ.എല്‍.രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ താളം വീണ്ടെടുത്തതും പഞ്ചാബിന് കരുത്ത് പകരുന്നു.
57 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 91 റണ്‍സാണ് രാഹുല്‍ ബാംഗ്ലൂരിനെതിരെ നേടിയത്. അക്ഷരാര്‍ഥത്തില്‍ ഒരു നായകന്റെ ഇന്നിങ്‌സ്. തുടക്കം വളരെ പതുക്കെയായിരുന്നെങ്കിലും ഇന്നിങ്‌സ് അവസാനത്തിലേക്ക് എത്തിയപ്പോള്‍ രാഹുലിന്റെ ബാറ്റില്‍ നിന്നു പിറന്നത് കൂറ്റനടികളാണ്. തുടക്കത്തില്‍ ക്രിസ് ഗെയ്ല്‍ തകര്‍ത്തടിച്ചപ്പോള്‍ മികച്ചൊരു പങ്കാളിയായി രാഹുല്‍ നിലയുറപ്പിച്ചു. പിന്നീട് ഗെയ്ല്‍ പുറത്തായതിനു ശേഷം ടീം റണ്‍ റേറ്റ് കുറഞ്ഞപ്പോള്‍ രാഹുല്‍ ട്രാക്ക് മാറ്റി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാന്‍ പഞ്ചാബിന് സാധിച്ചത് നായകന്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ്.
നായകന്റെ റോളും വളരെ ഭദ്രമാക്കി രാഹുല്‍ ഇത്തവണ. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും കൃത്യതയോടെ ഫീല്‍ഡ് ഒരുക്കുന്നതിലും ഇത്തവണ രാഹുല്‍ മികച്ചുനിന്നു. കീപ്പര്‍ സ്ഥാനത്തുനിന്ന് മാറി രാഹുല്‍ കളം നിറയുകയായിരുന്നു. വിക്കറ്റിനു പിന്നില്‍ നിന്ന് ടീമിനെ നയിക്കുന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഒപ്പം നിന്നു നയിക്കുന്ന രാഹുല്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുണ്ട്.