ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും സങ്കടകരമായ കാഴ്‌ച്ചയായിരുന്നു സീസണിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന സൂര്യകുമാർ യാദവിന്റെ റണ്ണൗട്ട്. യഥാർത്ഥത്തിൽ മികച്ച രീതിയിൽ കളിക്കുകയായിരുന്ന മുംബൈ നായകന് വേണ്ടി തന്റെ വിക്കറ്റ് തന്നെ ദാനം ചെയ്യുകയായിരുന്നു സൂര്യ. പതിനൊന്നാം ഓവറിലെ അവസാന പന്തിലാണ് ഇല്ലാത്ത റൺസിനായി രോഹിത് ക്രീസ് വിട്ടോടിയത്. ക്രീസ് വിടുമ്പോൾ സൂര്യകുമാർ വിലക്കിയെങ്കിലും രോഹിത് പിച്ചിന്റെ പാതിയിലധികം പിന്നിട്ടിരുന്നു.
എന്നാൽ രോഹിത് റണ്ണൗട്ടാവുമെന്ന ഘട്ടം വന്നപ്പോൾ സൂര്യകുമാർ ക്രീസ് വിട്ടിറങ്ങി തന്റെ വിക്കറ്റ് ബലി നൽകുകയായിരുന്നു. ഒട്ടും നിരാശയില്ലാതെ ടീമിന് വേണ്ടിയാണ് താൻ ഇത് ചെയ്‌തതെന്ന നിലയിലാണ് സൂര്യ ക്രീസ് വിട്ടത്. ആ സമയത്ത് രോഹിത് ശർമയുടെ സാന്നിധ്യമായിരുന്നു ടീമിന് അത്യാവശ്യം. അതാണ് ക്രീസ് വിടാൻ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിയല്ല ടീമാണ് പ്രധാനം. മത്സരശേഷം സൂര്യകുമാർ പറഞ്ഞു.
അതേസമയം സൂര്യയുടെ പ്രവർത്തിയെ കമന്റേറ്റർമാർ പ്രശംസിച്ചു. ഡഗൗട്ടിലേക്ക് താരം മടങ്ങുമ്പോൾ കയ്യടിയോടെയാണ് സഹതാരങ്ങൾ സൂര്യയെ വരവേറ്റത്. രോഹിത്താകട്ടെ 51 പന്തിൽ 68 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്കാളിയായി. മുംബൈ ഇന്ത്യ്അൻസിന്റെ അഞ്ചാം ഐപിഎൽ കിരീടവും തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടവുമാണിത്.