മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ചെന്നൈ ആരംഭിച്ചതെങ്കിലും പിന്നീട് ധോനിയും കൂട്ടരും ആടിയുലയുന്ന കാഴ്‌ച്ചയാണ് ഈ വർഷത്തെ ഐപിഎല്ലിൽ കാണാനായത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ പത്ത് വിക്കറ്റ് പരാജയത്തോടെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകൾ എല്ലാം ചെന്നൈക്ക് മുന്നിൽ അവസാനിച്ചിരിക്കുകയാണ്. തോൽവിയിൽ എംഎസ് ധോണിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുമ്പോൾ ധോനിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ വിരേന്ദർ സേവാഗ്.
മുംബൈക്കെതിരെയുള്ള പരാജയം വലിയ മുറിവാണ് ചെന്നൈക്ക് മേൽ ഏൽപ്പിക്കത്, എന്നാൽ അതിലേറെ മുറിവേറ്റത് ധോനിക്കായിരിക്കും. മത്സരത്തിലെ ചെന്നൈ യുവതാരങ്ങളുടെ പ്രകടനം ധോനിയെ ഏറെ നിരാശപ്പെടുത്തിയിരിക്കാം എന്നാണ് സേവാഗ് പറയുന്നത്. ചെന്നൈ യുവതാരങ്ങളായ റിതുരാജ് ഗെയ്‌ക്ക്‌വാദ്, എൻ ജഗദീശൻ എന്നിവർ മത്സരത്തിൽ പൂജ്യത്തിന് ഔട്ടായിരുന്നു. മത്സരത്തിൽ യുവതാരങ്ങൾ കുറച്ചെങ്കിലും റൺസ് നേടിയിരുന്നെങ്കിൽ ടീം ടോട്ടൽ 140-150 എത്തുമായിരുന്നു. യുവതാരങ്ങൾക്ക് താൻ ഇന്നും അവസരം നൽകിയെങ്കിലും അവർ നിരാശപ്പെടുത്തിയെന്ന തോന്നലാകും ധോനിയെ ഏറെ അലട്ടുന്നത് സേവാഗ് പറഞ്ഞു.