ഐപിഎല്ലിലെ എല്ലാ സീസണുകളിലും കളം നിറഞ്ഞുകളിക്കാറുണ്ടെങ്കിലും കഴിഞ്ഞ 12 വർഷവും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാനായ ശിഖർ ധവാന് ഒരു സെഞ്ചുറി കിട്ടാക്കനിയായിരുന്നു. പതിമൂന്നാമത് ഐപിഎൽ സീസണിന്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിക്കുകയും ചെയ്‌തതോടെ പലരും ശിഖർ ധവാനെ എഴുതിതള്ളുകയും ചെയ്‌തു. എന്നാൽ അവിടെ നിന്ന് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറി കൊണ്ടാണ് ധവാൻ മറുപടി നൽകിയത്. രസം എന്തെന്നാൽ കളി അവിടെ നിന്നില്ല അടുത്ത കളിയിലും സെഞ്ചുറി. ഐപിഎല്ലിൽ തന്നെ ആദ്യം.
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി എന്ന റെക്കോഡ് മാത്രമല്ല പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ശിഖർ ധവാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ഡൽഹി 164 റൺസിലൊതുങ്ങിയപ്പോൾ അതിൽ 106 റൺസ് നേടിയത് ധവാനായിരുന്നു. തന്റെ 167ആം ഐപിഎൽ ഇന്നിങ്സിലായിരുന്നു ധവാന്റെ ആദ്യ സെഞ്ചുറി. ഇത്രയും ഇന്നിങ്സുകളെടുത്ത് സെഞ്ചുറി എടുത്ത താരവും ധവാൻ തന്നെ. ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലും ധവാൻ പിന്നിട്ടു.
മുമ്പ് നാല് താരങ്ങളാണ് ഒരു ഐപിഎല്‍ സീസണില്‍ ഒന്നോ അതില്‍ കൂടതലോ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി, ക്രിസ് ഗെയ്‌ൽ,ഹാഷിം അംല,ഷെയ്‌ൻ വാട്ട്‌സൺ എന്നിവരാണ് ആ താരങ്ങൾ. എന്നാൽ അവർക്കാർക്കും തന്നെ തുടർച്ചയായി സെഞ്ചുറികൾ നേടാനായിരുന്നില്ല.