ഐപിഎല്ലിൽ ഒരൊറ്റ മത്സരത്തിലൂടെ തന്നെ ഹീറോയായി മാറിയ ക്രിക്കറ്ററാണ് രാജസ്ഥാൻ റോയൽസ് താരം തേവാട്ടിയ. എന്നാൽ ആദ്യ മത്സരത്തിലെ തന്റെ സൂപ്പർ മാൻ പ്രകടനത്തിന് സഹായകരമായത് ടീമിലെ രണ്ട് സഹതാരങ്ങളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തേവാട്ടിയ ഇപ്പോൾ. ആദ്യത്തെ 20 പന്തുകൾ എന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട പന്തുകളായിരുന്നു. എന്നാൽ ഒരിക്കൽ സിക്‌സർ അടിക്കാൻ സാധിച്ചാൽ അത് തുടരാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു അതാണ് അന്ന് നടന്നത് തേവാട്ടിയ പറഞ്ഞു.
ലെഗ് സ്പിന്നറെ നേരിടുക എന്നതായിരുന്നു എന്റെ ചുമതല.എന്റെ വമ്പനടികള്‍ക്ക് പിന്നില്‍ ടീമിലെ രണ്ട് സഹതാരങ്ങളാണ്. സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയുമാണ് അവർ. അവസാന നാലോവറിൽ 18 റൺസ് വെച്ച് നേടാനായാൽ വിജയിക്കാനാവുമെന്ന് എനിക്കും സഞ്ജുവിനും അറിയാമായിരുന്നു. ഈ അവസരത്തിൽ പതറരുത് എന്നായിരുന്നു സഞ്ജു പറഞ്ഞത്. വെടിക്കെട്ടിന് തന്നെ ശ്രമിക്കണമെന്നും സഞ്ജു ആവശ്യപ്പെട്ടു. നെറ്റ്‌സിൽ എന്റെ പ്രകടനം കണ്ട സഞ്ജുവാണ് ഞാൻ ഗെയിം ചേഞ്ചറാകുമെന്ന് പറഞ്ഞത്.സഞ്ജു പുറത്തായ ശേഷം റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്. ഉത്തപ്പയും ഒരുപാട് ആത്മവിശ്വാസമാണ് എനിക്ക് നല്‍കിയത്. ഒരു സിക്‌സര്‍ അടിച്ചതോടെ ഇനി പിന്നോട്ട് നോക്കണ്ട അടി തുടങ്ങിക്കോ എന്നാണ് ഉത്തപ്പ പറഞ്ഞത്. ഇത് വലിയ ആത്മവിശ്വാസം നൽകി- തേവാട്ടിയ പറഞ്ഞു.