പുതുവസ്ത്രം ധരിക്കുന്നതിന് സമയവും കാലവുമെല്ലാം നോക്കേണ്ടതുണ്ടോ ? ഇതാ ചില കാര്യങ്ങള്‍

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്ന അവസരത്തില്‍ പെട്ടന്ന് രോഗങ്ങളുണ്ടായാല്‍ അത് നെഗറ്റീവ് എനര്‍ജി മൂലമാണെന്ന വിശ്വാസം പലര്‍ക്കുമുണ്ട്.

ബുധന്‍, 13 ജൂലൈ 2016 (18:02 IST)
മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയുമൊക്കെയാണ് ആദ്യകാലങ്ങളിൽ ഇതിനായി ഉപയോഗിച്ചിരുന്നത്. നവീന ശിലായുഗ കാലഘട്ടം മുതലാണ് മനുഷ്യര്‍ വസ്ത്രമുപയോഗിക്കാൻ തുടങ്ങിയത്. തുടര്‍ന്ന് കാലത്തിനും ദേശത്തിനും യോജിച്ച വിധത്തിലുള്ള വസ്ത്രം സാംസ്‌ക്കാരികമായ ഒരു അടയാളമായിത്തീർന്നു. പദവി, ലിംഗം, ജാതി, സമൂഹം, പ്രദേശം, പരിസ്ഥിതി എന്നിവയുടെയൊക്കെ സൂചകമായി വസ്ത്രം മാറി.
 
പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്ന അവസരത്തില്‍ പെട്ടന്ന് രോഗങ്ങളുണ്ടായാല്‍ അത് നെഗറ്റീവ് എനര്‍ജി മൂലമാണെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ഒരു കാര്യം ശ്രദ്ധിക്കണം. വസ്ത്രത്തില്‍ നിന്ന് എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയാണ് ഇത്. പലരും പുതിയ വസ്ത്രം വാങ്ങുന്നതിന് മുമ്പ് അവ ധരിച്ച് നോക്കാറുണ്ട്. ഒരു പക്ഷേ നിങ്ങള്‍ വാങ്ങുന്നതും ഇത്തരത്തില്‍ മുമ്പ് ഒരാള്‍ ധരിച്ചതാവും. ഇക്കാരണത്താലുള്ള നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ധരിക്കുന്നതിന് മുമ്പ് അവ കഴുകുന്നത് വളരെ നല്ലതാണ്.
 
നിങ്ങള്‍ക്ക് മുമ്പ് ഈ വസ്ത്രം ധരിച്ച് നോക്കിയ ആള്‍ക്ക് എന്തെങ്കിലും രോഗങ്ങളോ ചര്‍മ്മരോഗങ്ങളോ ഉണ്ടായേക്കാം. വാങ്ങിയ ശേഷം കഴുകാതെ ഇവ ധരിക്കുമ്പോള്‍ നിങ്ങള്‍ക്കും രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പുതുവസ്ത്രം കഴുകാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതില്‍ സൂര്യപ്രകാശമേല്‍പ്പിക്കുകയെങ്കിലും വേണം. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ അവയില്‍ അല്പം കീറല്‍ വരുത്തിയ ശേഷം ഒഴിവാക്കുക. ഇത് നിങ്ങളുടെ കുണ്ഡലിയിലെ ഗൃഹദോഷമകറ്റാന്‍ സഹായിക്കും. നിങ്ങളുടെ വസ്ത്രം സംഭാവന ചെയ്യുകയാണെങ്കില്‍ അത് സ്വീകരിക്കുന്നയാളോട് നിര്‍ബന്ധമായും ധരിക്കണമെന്നും ആവശ്യപ്പെടുക.
 
നല്ല ദിവസം നോക്കി പുതിയ വസ്ത്രമണിഞ്ഞാൽ നല്ല ഫലമാണ് ലഭിക്കുകയെന്നും മറ്റേതെങ്കിലും ദിവസങ്ങളില്‍ പുതിയ വസ്ത്രം ധരിച്ചാൽ മോശം ഫലമാണ് ലഭിക്കുകയെന്നുമുള്ള വിശ്വാസം നിലവില്‍ വന്നു. ചില ആളുകള്‍ ദിവസങ്ങള്‍ക്കു പകരം സ്വന്തം നക്ഷത്രമനുസരിച്ചും പുതിയ വസ്ത്രം ധരിക്കാൻ തുടങ്ങി. ഉത്സവങ്ങൾ പോലുള്ള നിർദ്ദിഷ്ട ദിവസങ്ങളിൽ ദേവന്മാരുടെ ചില അദൃശ്യ ശക്തികള്‍ ഭൂമിയിലേക്കായി ഇറങ്ങുമെന്നാണ് വിശ്വാസം. ഇത്തരം ദിവസങ്ങളിൽ പുതിയ വസ്ത്രം ധരിക്കുന്നതുമൂലം ദേവന്മാരുടെ ആ ശക്തി പുതിയ വസ്ത്രങ്ങളിലേക്ക് ആഗിരണം ചെയ്യുമെന്നും അതുമൂലം നമുക്ക് നല്ലകാര്യങ്ങള്‍ വന്നുചേരുമെന്നും പറയപ്പെടുന്നു.
 
ജന്മനക്ഷത്രമനുസരിച്ചും ദിവസമനുസരിച്ചും പുതിയ വസ്ത്രം ധരിക്കാൻ അനുയോജ്യമായവ ഏതെല്ലാമാണെന്നു നോക്കാം.അശ്വതി നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ പല നേട്ടങ്ങളാണു ഫലമെന്നാണ് വിശ്വാസം. എന്നാല്‍ ഭരണി നാളില്‍ വിപരീതഫലമാണ് ലഭിക്കുക. ഈ നാളില്‍ കഷ്ടനഷ്ടങ്ങളായിരിക്കും ഫലം. അതുപോലെ കാര്‍ത്തിക നാളില്‍ പുതുവസ്ത്രം ധരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും പറയപ്പെടുന്നു. എന്നാല്‍ രോഹിണി നാളിൽ പുതിയ വസ്ത്രം ധരിക്കുന്നതു നല്ല ഫലം പ്രദാനം ചെയ്യും. വിവിധ മേഖലകളിലുള്ള നേട്ടമാണു ഫലം.
 
മകയിരം നാളിൽ പുതിയ വസ്ത്രം ധരിക്കരുതെന്നാണ് പറയപ്പെടുന്നത്. ചില അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിശ്വാസം. നല്ല ആരോഗ്യമാണു ലക്ഷ്യമെങ്കിൽ തിരുവാതിര നാളില്‍ പുതുവസ്ത്രമണിയാം. അതുപോലെ സമ്പത്തും ഐശ്വര്യവും സ്വന്തമാക്കാൻ പുണർതം നാളിൽ പുതുവസ്ത്രമിടുന്നതു സഹായിക്കും. പൂയം നാളില്‍ പുതുവസ്ത്രമിടുന്നത് സമ്പത്തു പ്രദാനം ചെയ്യുമെന്നും പറയപ്പെടുന്നു. ആയില്യം നാൾ‌ പൊതുവെ ശുഭകാര്യങ്ങൾക്ക് അനുയോജ്യമല്ല. ഈ നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ പട്ടിണിയും പരിവട്ടവുമായിരിക്കും ഫലം.
 
രോഗദുരിതങ്ങളാണു മകം നാളിൽ പുതിയ വസ്ത്രം ധരിച്ചാലുള്ള ഫലം. അതുപോലെ കഷ്ടനഷ്ടങ്ങളും രോഗദുരിതങ്ങളും പ്രദാനം ചെയ്യുമെന്നതിനാൽ പൂരം നാളും പുതുവസ്ത്രം ധരിക്കാൻ അനുയോജ്യമല്ല. നേട്ടങ്ങളും വിജയവുമാണു ലക്ഷ്യമെങ്കിൽ ഉത്രം നാളിൽ പുതുവസ്ത്രം ധരിക്കാം. അത്തം  നാളിൽ പുതുവസ്ത്രമണിയുന്നതു മൂലം ഏതു മേഖലയിലും വിജയം ഉറപ്പാക്കാന്‍ സാധിക്കും. അതുപോലെ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചിത്തിര നാളിൽ പുതിയ വസ്ത്രം ധരിക്കാമെന്നും പറയപ്പെടുന്നു.
 
ചോതി നാളിൽ പുതുവസ്ത്രം ധരിച്ചാൽ ശുഭവാർത്തകൾ കേൾക്കുമെന്നും .വിശാഖം നാളിൽ പുതുവസ്ത്രമണിയുന്നതു മാനസിക സന്തോഷം പ്രദാനം ചെയ്യുമെന്നും. അനിഴം നാളിൽ പുതുവസ്ത്രമണിയുന്നതു സന്തോഷം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം. വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്നതിനാൽ തൃക്കേട്ട നാളില്‍ പുതുവസ്ത്രം ധരിക്കാതിരിക്കുന്നതാണ് ഉത്തമം. അതുപോലെ മൂലം നാളിൽ പുതുവസ്ത്രമണിയുന്നത് ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ക്ഷണിച്ചുവരുത്തുകയും പൂരാടം നാളിൽ രോഗദുരിതങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
 
സൗഭാഗ്യം നേടാൻ ഉത്രാടം നാളിൽ പുതുവസ്ത്രമണിയാം. തിരുവോണം നാളിൽ പുതുവസ്ത്രമണിയുന്നത് ആരോഗ്യം ക്ഷയിപ്പിക്കുമെന്നും നേട്ടങ്ങൾ കൈവരിക്കാൻ അവിട്ടം നാളിൽ പുതുവസ്ത്രം ധരിക്കാമെന്നും പറയപ്പെടുന്നു. മരണഭയമാണ് ചതയം നാളിൽ പുതുവസ്ത്രം ധരിച്ചാലുള്ള ഫലം. പൂരുരുട്ടാതി നാളിൽ പുതുവസ്ത്രമണിഞ്ഞാൽ ശത്രുദോഷവും സാമ്പത്തികാഭിവൃദ്ധി സ്വന്തമാക്കണമെങ്കില്‍ ഉതൃട്ടാതി നാളിലും സാമ്പത്തികനേട്ടവും ജീവിത വിജയവും കൈവരിക്കാൻ രേവതി നാളിലും പുതുവസ്ത്രമണിയുന്നത് ഉത്തമമാണ്.
 
പുതിയ വസ്ത്രങ്ങള്‍ക്കൊപ്പം പല സാധനങ്ങളും ചീത്ത ശകുനങ്ങളും ഉണ്ടാവാം. പുതിയ വസ്ത്രം ധരിക്കുമ്പോള്‍ കീറുകയോ, കരിയുകയോ ചെയ്താല്‍ അത് ചീത്ത ശകുനമാണ്. നിങ്ങള്‍ കുഴപ്പത്തില്‍പെടാമെന്നതിന്‍റെ സൂചനയാണിത്. വെള്ളിയാഴ്ചയാണ് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിവസമായി കണക്കാക്കപ്പെടുന്നത്. ശനിയാഴ്ചകളില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാതിരിക്കുകയും, ഞായറാഴ്ച പുതിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുകയും ചെയ്യുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹിന്ദുക്കള്‍ നിര്‍മ്മിച്ച് ഹിന്ദുക്കള്‍ സംരക്ഷിക്കുന്ന മുസ്ലീം പള്ളി