യൂറോപ്യൻ വിപണി കീഴടക്കാൻ ജിയോ; വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിൽ ആദ്യ പരീക്ഷണം
യൂറോപ്യൻ വിപണി കീഴടക്കാൻ ജിയോ
റിലയൻസ് ജിയോ നെറ്റ്‌വർക്ക് യൂറോപ്പിലും മിഡിൽ ഈസ്‌റ്റിലേക്കും വ്യാപിപ്പിക്കാൻ പോകുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യൂറോപ്യൻ വിപണിയിൽ ജിയോയെ വളർത്തിയെടുക്കുന്നതിന്റെ ആരംഭമെന്നോണം വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിലാണ് മുകേഷ് ആദ്യ പരീക്ഷണം നടത്താൻ പോകുന്നത്.
കുറഞ്ഞ നിരക്കുകളിൽ ഡാറ്റയും കോൾ ഓഫറുകളും നൽകി ഇന്ത്യൻ വിപണി കീഴടക്കിയ ജിയോ എസ്‌റ്റോണിയയിൽ തുടക്കമിട്ടാൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എസ്‌റ്റോണിയയിൽ വിജയകരമായാൽ യൂറോപ്യൻ യൂണിയനിലും വിപണി പിടിക്കാനാകുമെന്നും കരുതുന്നു. എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേര്‍ണന്‍സ് സംവിധാനം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നാണ് അംബാനി അറിയിച്ചത്. ഇതിന്റെ ഭാഗമായി മുകേഷ് അംബാനി എസ്‌റ്റൊണിയൻ സർക്കാർ പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ്, ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി റിലയൻസ് 12.20 കോടി രൂപ നിക്ഷേപിക്കുമെന്ന് സൂചനയുണ്ട്.