ഇ-കൊമേഴ്‌സ് മത്സരം മുറുകുന്നു; വാലറ്റ് പേമെന്റുമായി ആമസോൺ
വാലറ്റ് പേമെന്റുമായി ആമസോൺ
നീണ്ട കാത്തിരിപ്പിന് ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആമസോണിനും വാലറ്റ് പേമെന്റ് ഓപ്‌ഷൻ അനുവദിച്ചു. ഉപഭോക്താക്കൾക്കും ആമസോണിനും ഇനി കൂടുതൽ എളുപ്പത്തിൽ പണമടയ്‌ക്കൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും. നിലവിലെ ലൈസൻസ് വ്യവസ്ഥകൾ പ്രകാരം 2022 വരെ ആമസോണിന് വാലറ്റ് ലൈസൻസുണ്ടാകും. എന്താണ് വാലറ്റ് പേമെന്റ് എന്ന ആലോചിച്ച് തല പുണ്ണാക്കണ്ട. സംഗതി വളരെ സിമ്പിളാണ്.
നിലവിൽ ഇന്ത്യയിൽ രണ്ടു തരം ഓൺലൈൻ പേമെന്റ് സംവിധാനങ്ങളാണ് ഉള്ളത്. ഒന്ന് കാർഡ് ഉപയോഗിച്ചും പിന്നെ ബാങ്ക് ഗേറ്റ്‌വേ വഴിയും. കാർഡ് ഉപയോഗിച്ചാണെങ്കിൽ കാർഡ് നമ്പർ ടൈപ്പുചെയ്യണം, പിന്നെ നിങ്ങളുടെ സിവിവി നമ്പർ, അത് കഴിഞ്ഞ് ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് വന്ന ഒറ്റത്തവണ പാസ്‌വേഡും നൽകണം.
ബാങ്ക് ഗേറ്റ് വഴി പേമെന്റ് നടത്തിയാലോ അവിടെയും പാസ്‌വേഡ്, പിന്നെ പാസ്‌വേഡ് സ്ഥിരീകരണമെല്ലാം വേണം. ഉപഭോക്താക്കൾക്ക് പലപ്പൊഴും ഇത് ഒരു വലിയ കടമ്പയാണ്. ഒന്നോ രണ്ടോ തവണ തെറ്റിയാൽ പലരും അതോടെ വേറെ സൈറ്റിലേക്ക് പോയി കൂടുതൽ എളുപ്പമുള്ള വഴി തേടുകയും ചെയ്യും. ആമസോൺ പോലുള്ളവർക്കാകട്ടെ കസ്റ്റമേഴ്സ് നഷ്‌ടവും. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് വാലറ്റ്. ഉപഭോക്താക്കൾക്ക് വാലറ്റിൽ പണം കരുതിവെച്ചിരുന്നാൽ മതി. ഒറ്റ ക്ലിക്കിലൂടെ സാധനം വാങ്ങാം. റീഫണ്ടിംഗും വളരെ ലളിതമാകും.
ആമസോണിനോട് മത്‌സരിക്കാൻ കൂടുതൽ ഫണ്ട് കണ്ടെത്തിയ ഫ്ലിപ്പ് കാർട്ടിന് ആമസോണിന്റെ ഒരു മറുപടി കൂടിയാണ് വാലറ്റ് പേമെന്റ് ഓപ്ഷൻ. ഫോൺപേ എന്ന സ്വന്തം പേമെന്റ് പ്ല്റ്റാഫോമിലൂടെ തിരിച്ചടിക്കുമോയെന്ന് കാത്തിരുന്നു കാണാം.