Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

Apple Vision Pro: മിക്സഡ് റിയാലിറ്റിയിലേക്ക് കൂട് മാറി അമേരിക്ക, പുതിയ ലോകം ഇങ്ങനെയാകുമെന്ന് സോഷ്യൽ മീഡിയയും

Apple Vision pro

അഭിറാം മനോഹർ

, ബുധന്‍, 7 ഫെബ്രുവരി 2024 (18:22 IST)
Apple Vision pro
ആപ്പിള്‍ വിഷന്‍ പ്രോ എന്ന വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഈ മാസം രണ്ടാം തീയ്യതിയാണ് ആപ്പിള്‍ പുറത്തിറക്കിയത്. ടെക് ലോകത്ത് വെര്‍ച്വല്‍ റിയാലിറ്റി വിപ്ലവം സൃഷ്ടിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ 4-5 വര്‍ഷങ്ങളായി കേള്‍ക്കുന്നതാണെങ്കിലും അതിനെ പ്രാവര്‍ത്തികമാക്കുന്നതിലേക്ക് നമ്മള്‍ വളരെയടുത്തെത്തിയെന്ന് തെളിയിക്കുന്നതാണ് ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത.
 
യഥാര്‍ഥ ലോകവും വെര്‍ച്വല്‍ ലോകവും സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗമാണ് ആപ്പിള്‍ വിഷന്‍ പ്രോയിലൂടെ സാധിക്കുന്നത്. ഫിസിക്കല്‍ വസ്തുക്കളും ഡിജിറ്റല്‍ വസ്തുക്കളും ഒരേസമയം നിലനില്‍ക്കുന്നതിനാലാന് ഇതിനെ മിക്‌സഡ് റിയാലിറ്റി എന്ന് വിളിക്കുന്നത്. സ്‌പേഷ്യല്‍ കമ്പ്യൂട്ടിംഗ് എന്ന സാങ്കേതിക വിദ്യയിലേക്ക് ലോകം മാറുകയാണെന്നാണ് പുതിയ ഹെഡ് സെറ്റിലൂടെ ആപ്പിള്‍ പ്രഖ്യാപിക്കുന്നത്. ഒരാള്‍ക്ക് കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഏതൊരു ജോലിയും ആപ്പിള്‍ ഹെഡ്‌സെറ്റിലൂടെ ചെയ്യാവുന്നതാണ്. ഗെയിമിംഗ്,സിനിമ,ഒടിടി രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റമാകും ആപ്പിള്‍ വിഷന്‍ പ്രോ വരുത്തുക.
webdunia
 
ലോകം നിര്‍മിത സാങ്കേതികവിദ്യയിലേക്ക് പോകുന്നതിന്റെ ആദ്യ ചുവടായാണ് ടെക് ലോകം ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ നോക്കുകാണുന്നത്. ഏതൊരു ഐ ഫോണ്‍ ഡിവൈസിനൊപ്പവും ഈ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. നിലവില്‍ രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെയാണ് ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് വില വരുന്നത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യയുടെ ആദ്യഘട്ടത്തിലായതിനാല്‍ തന്നെ ഇതിന്റെ വില ഭാവിയില്‍ കുറയുകയും ഹെഡ്‌സെറ്റ് ഒരു കൂളിംഗ് ഗ്ലാസെന്ന നിലയിലേക്ക് മാറുകയും ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 
ഹെഡ്‌സെറ്റ് ധരിക്കുന്ന ആള്‍ക്ക് മുന്നില്‍ വലിയ സ്‌ക്രീനില്‍ ത്രീ ഡി ലോകം തന്നെയാകും ഹെഡ്‌സെറ്റിലൂടെ സാധ്യമാകുക. മികച്ച സൗണ്ട് ക്വാളിറ്റിയ്‌ക്കൊപ്പം തിയേറ്റര്‍ സ്‌ക്രീനിനോളം വലിപ്പമുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ സിനിമകള്‍ കാണാനും ഗെയിമിംഗ് നടത്താനും ഇതിലൂടെ സാധിക്കും. നിലവില്‍ മെറ്റ ക്വസ്റ്റ് മാത്രമാണ് ആപ്പിളിന് എതിരാളിയായുള്ളത്. അതിനാല്‍ തന്നെ വി ആര്‍ ഹെഡ്‌സെറ്റ് രംഗത്തും മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഇത് സാങ്കേതിക വിദ്യ കുറഞ്ഞ ചിലവില്‍ ആളുകളിലെത്തുന്നതിനും മൊബൈല്‍ സ്‌ക്രീനിന് പകരം ഹെഡ്‌സെറ്റ് എന്ന രീതിയിലേക്ക് മാറുന്നതിനും കാരണമാകും.
webdunia
Apple Vision pro
 
ആപ്പുകളായി നെറ്റ്ഫ്‌ലിക്‌സ്,യൂട്യൂബ് എന്നിവ ലഭ്യമല്ലെന്നുള്ളതും നിലവിലെ വിലയും നെഗറ്റീവായി ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് മുന്നിലുണ്ട്. ബാറ്ററി 2 മുതല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് നില്‍ക്കുകയെന്നതും ഒരു പോരായ്മയാണ്. എന്നാല്‍ 3ഡിയില്‍ ഒരേ സമയം ജോലി ചെയ്യുകയും സിനിമ കാണുകയും ചെയ്യാം എന്നുള്ളതടക്കമുള്ള ഫീച്ചറുകള്‍ വിഷന്‍ പ്രോയെ സ്വീകാര്യമാക്കുന്നുണ്ട്. ഈ രംഗത്ത് മത്സരം കടുക്കുന്നതോടെ ബാറ്ററിയടക്കമുള്ളവയില്‍ മാറ്റം പെട്ടെന്ന് തന്നെയുണ്ടാകും. സമീപഭാവിയില്‍ തന്നെ വി ആര്‍ ഹെഡ്‌സെറ്റ് വഴി ജോലി ചെയ്യുന്നവരും സിനിമ കാണുന്നവരും ഒരു സാധാരണ കാഴ്ചയാകുന്നതിനാകും ആപ്പിള്‍ വിഷന്‍ പ്രോ തുടക്കം കുറിയ്ക്കുക.
 
നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ആപ്പിള്‍ വിഷന്‍ പ്രോ ലഭ്യമായിട്ടുള്ളത്. പ്രൊഡക്റ്റ് പുറത്തിറങ്ങി ആദ്യവാരത്തില്‍ മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ആളുകള്‍ വിഷന്‍ പ്രോ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വി ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ച് നടക്കുന്നവരും ഡ്രൈവ് ചെയ്യുന്നവരുടെയുമെല്ലാം ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ലോകം കണ്‍മുന്നിലെ ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് ചുരുങ്ങുന്നു എന്നത് ആശങ്കയ്ക്ക് ഇട നല്‍കുന്നതാണെങ്കിലും ഇതായിരിക്കും ഭാവിയെന്ന് സാമൂഹ്യമാധ്യമങ്ങളും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടി,40 സീറ്റെങ്കിലും ഇക്കുറി കിടാൻ പ്രാർഥിക്കുന്നുവെന്ന് മോദി