വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍.പ്രവര്‍ത്തന മികവ് വിലയിരുത്തല്‍ നടപടികള്‍ക്ക് ശേഷമാണ് 400 ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 100 പേര്‍ക്ക് മാത്രമാണ് മുന്‍കൂറായി നോട്ടീസ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതീക്ഷയ്‌ക്കൊത്ത മികവ് പുലര്‍ത്താന്‍ കഴിയാത്ത ജീവനക്കാരോട് സ്വയം പിരിഞ്ഞുപോകാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഫൈനല്‍ സെറ്റില്‍മെന്റായി ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. സ്വയം പിരിഞ്ഞുപോകാത്ത ജീവനക്കാരെ ഓഗസ്റ്റ് 17 വരെയുള്ള ശമ്പളം നല്‍കി പിരിച്ചുവിട്ടതായും അറിയുന്നു. ഒക്ടോബര്‍ മുതല്‍ ഇതുവരെയായി 5000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.