രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കായ റിലയന്‍സ് ജിയോ തങ്ങളുടെ പുതിയ 5ജി ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
അര്‍പിത് പട്ടേല്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വെര്‍ട്ടിക്കലായുള്ള ക്യാമറ മോഡ്യൂളും കടും നീല നിറത്തിലുള്ള ബാക്കും ഉള്ള ഫോണാണ് ചിത്രത്തിലുള്ളത്. ഇതിന് 13 എം പി+ 2 എം പി റിയവ് ക്യാമറയും 5 എം പി ഫ്രണ്ട് ക്യാമറയുമാണുള്ളതെന്ന് ട്വീറ്റില്‍ പറയുന്നു. 6. 6 ഇഞ്ച് വലിപ്പമുള്ളതാണ് ഡിസ്‌പ്ലെ. 10,000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്നും അദ്ദേഹം പറയുന്നു. 479 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്. ഫോണിന്റെ ഡമ്മിയോ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നുള്ള ചിത്രങ്ങളോ ആണെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ ചിലപ്പോള്‍ പുറത്തിറങ്ങുന്ന ഫോണില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകാം.
ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ജിയോയും ഗൂഗിളും ചേര്‍ന്നൊരുക്കുന്ന പ്രഗതി ഓ എസ് എന്ന ആന്‍ഡ്രോയ്ഡിന്റെ ചെറുപതിപ്പാകും ഫോണിലുണ്ടാവുക. ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് ഫോണ്‍ വിപണിയിലിറങ്ങാനാണ് സാധ്യതയേറെയും.