ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യയിൽ പരിശീലനത്തിന് പോയ ഇന്ത്യയുടെ നാല് വ്യോമനോട്ടുകൾ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തി. വായുസേനയുടെ ടെസ്റ്റ് പൈലറ്റുമാരായ നാല് പേരെയാണ് ബഹിരാകാശ യാത്രക്കായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനത്തിനയച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ഇവർ റഷ്യയിലേക്ക് പോയത്.
പ്രാഥമിക പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ഇവർ ഇനി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കൂടുതൽ വിദഗ്ധ പരിശീലനം നേടും. ബെംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്താണ് നാല് വ്യോമനോട്ടുകളും ഇപ്പോളുള്ളത്.ഐഎസ്ആർഒയും റഷ്യൻ ബഹിരാകാശ ഗവേഷണത്തിന്റെ വാണിജ്യ മുഖമായ ഗ്ലാവ്കോസ്മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ യാത്രക്കാർക്ക് റഷ്യ പരിശീലനം നൽകിയത്.
ഗഗൻയാൻ ദൗത്യത്തിനാവശ്യമായ മറ്റ് ചില സാങ്കേതിക സഹായങ്ങളും ഗ്ലാവ്കോസ്മോസ് നൽകുന്നുണ്ട്.ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം 2020 അവസാനത്തോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് മൂലം ഇത് വൈകുകയാണ്. ഈ വർഷം ആളില്ലാ ദൗത്യം പൂർത്തിയാക്കിയ ശേഷം 2023ഓടെ ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.