രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് റിവര്‍, ഓണ്‍മ്യോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ്,സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെല്‍ഫി ക്യാമറ, ഈക്വലൈസര്‍ ആന്‍ഡ് ബാസ് ബൂസ്റ്റര്‍ തുടങ്ങിയ ആപ്പുകൾക്കാണ് വിലക്ക്.
കഴിഞ്ഞ വർഷം ജനപ്രിയ ആപ്പുകളായ ടിക് ടോക്, വി ചാറ്റ് യുസി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.2020 മെയില്‍ ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം 300 ഓളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ ബ്ലോക്ക് ചെയ്‌തത്.
ഇപ്പോൾ നിരോധിക്കപ്പെട്ട ആപ്പുകളിൽ ചിലത് നേരത്തെ നിരോധിക്കപ്പെട്ട ശേഷം റീബ്രാന്‍ഡ് ചെയ്യുകയും പുതിയ പേരുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തവയുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഈ ആപ്പുകളിൽ പലതും ഉപഭോക്താക്കളുടെ ഡാറ്റാവിവരങ്ങള്‍ ചൈനീസ് ഡാറ്റസെന്ററുകളിലേക്ക് കൈമാറുന്നുണ്ടെന്നാണ് ഐടി മന്ത്രാലയം വ്യക്തമാക്കുന്നത്.