ഡിജിറ്റൽ കുതിപ്പിന് റിലയൻസ്; ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ഇന്ന് മുതൽ; അറിയേണ്ടതെല്ലാം
തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക.
രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകൾ ഇന്ന് സേവനമാരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് സേവനമാരഭിക്കുമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാവും സേവനങ്ങൾ ലഭ്യമാവുക. ടെസ്റ്റ് സർവീസിന്റെ ഭാഗമായിട്ടാണ് ഇത്. ജിയോ ഫൈബർ സേവനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക. ഗുജറാത്ത്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലാവും ആദ്യം സേവനം ലഭ്യമാവുന്നത്. രണ്ടാം ഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാവും സേവനം ലഭിക്കുക. മൂന്നാം ഘട്ടത്തിലാണ് മധ്യപ്രദേശ്, കേരളം, ജമ്മു കാശ്‌മീർ, ബീഹാർ, ഗോവ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ചത്തിസ്ഗഡ് എന്നിവടങ്ങളിൽ ലഭിക്കുക.
പ്രതിമാസം 700 രൂപ മുതൽ 10,000 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം. ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ്- ടോപ്പ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബർ കണക്ഷൻ ലഭിക്കുക. കമ്പനിയുടെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്‌ഡി അല്ലെങ്കിൽ 4K എൽഇഡി ടിവി, 4K സെറ്റ് ടോപ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിയോ ഫോർ എവർ പ്ലാനിന്റെ ഭാഗമായാണ് ടിവി നൽകുന്നത്. കൂടുതൽ എച്ച്ഡി ചാനലുകളും കൂടുതൽ ഫീച്ചറുകളും നൽകുമെന്നും ജിയോ അവകാശപ്പെടുന്നു.