Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐടി മന്ത്രാലയം നിബന്ധനകൾ കടുപ്പിക്കുന്നു: ഇന്ത്യ വിടാനൊരുങ്ങി കൂടുതൽ വിപിഎൻ കമ്പനികൾ

ഐടി മന്ത്രാലയം നിബന്ധനകൾ കടുപ്പിക്കുന്നു: ഇന്ത്യ വിടാനൊരുങ്ങി കൂടുതൽ വിപിഎൻ കമ്പനികൾ
, വ്യാഴം, 9 ജൂണ്‍ 2022 (20:56 IST)
അന്താരാഷ്ട്രതലത്തിൽ പ്രമുഖ വിപിഎൻ കമ്പനികൾ ഇന്ത്യ വിടാനൊരുങ്ങുന്നു. ഐടി മന്ത്രാലയം നിബന്ധനകൾ കർശനമാക്കിയതോടെയാണ് ഇന്ത്യയിൽ നിന്നും കമ്പനികൾ തങ്ങളുടെ സേവനം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നത്. എക്സ്പ്രസ് വിപിഎൻ കമ്പനിക്ക് പുറമെ പ്രമുഖ കമ്പനിയായ സര്‍ഫ്ഷാര്‍ക് വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തി എന്നാണ് റിപ്പോര്‍ട്ട്. 
 
വിപിഎൻ സേവനമുപയോഗിച്ച് ഉപഭോക്താവ് ഏതെങ്കിലും നെറ്റ്വർക്കിൽ കയറുമ്പോൾ ട്രാക്കർമാർക്ക് ഉപഭോക്താവിന്റെ വിവരങ്ങൾ ശേഖരിക്കാൻ സാധ്യമാവില്ല. സൈബർ ആക്രമണങ്ങൾ തടയാനും നെറ്റ്വർക്ക് സുരക്ഷയ്ക്കുമായി പല കമ്പനികളും ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ വിപിഎൻ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് സർക്കാർ വാദം.
 
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഇതിനാൽ വിപിഎൻ കമ്പനികൾ അഞ്ചുവർഷം വരെ ഉപഭോക്താവിന്റെ ഫിസിക്കൽ,ഐപി വിലാസങ്ങൾ, ഉപയോഗ പാറ്റേൺ, വ്യക്തിപരമായി സൂചന നൽകുന്ന വിവരങ്ങൾ ശേഖരിക്കണമെന്നും അവ സർക്കാരിന് കൈമാറണമെന്നുമാണ് ഐടി മന്ത്രാലയത്തിന്റെ നിർദേശം. പുതിയ നിര്‍ദ്ദേശത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഭരണനിയമപ്രകാരം ഇത് പാലിക്കാത്തവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് അനുഭവിക്കാവുന്നതാണ് എന്നതാണ് കമ്പനികളെ പ്രവർത്തനം നിർത്താൻ പ്രേരിപ്പിക്കുന്നത്.
 
ഉത്തരവു പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ജൂലൈ 27 മുതലാകും പുതിയ നിയമം പ്രാബല്യത്തിലാവുക. ഇതോടെയാണ് പ്രമുഖ കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്