പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നു: മുകേഷ്
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പള്‍സര്‍ സുനിയെന്ന് തനിക്ക് അറിയില്ലായിരുന്നു: മുകേഷ്
ഒരു വര്‍ഷം തന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് അറിയില്ലായിരുവെന്ന് മുകേഷ് എംഎല്‍എ. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. താന്‍ സുനിയുമായി സൌഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്ന് മുകേഷ് പറഞ്ഞു. നടിയുടെ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ സമ്മേളനത്തില്‍ സംഭവിച്ചതിന് ക്ഷമ ചോദിച്ചതാണ്. അമ്മയുടെ പത്ര സമ്മേളനത്തില്‍ നിരവധി പ്രാവശ്യം ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവര്‍ത്തകര്‍ ചോദിച്ചത് അതുകൊണ്ട് അല്‍പം ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വന്നെന്നും അത് തന്റെ അപക്വമായ നിലപാടായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
അമ്മയുടെ ഭാരവാഹിത്വത്തിലില്ലാത്ത തനിക്ക് ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുകേഷ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന സത്യമറിഞ്ഞപ്പോള്‍ അമ്മ അതിനെ അപലപിക്കുകയും ശക്തമായ തീരുമാനമെടുക്കുകയും ചെയ്തുവെന്നും മുകേഷ് പറഞ്ഞു.