നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് വ്യാഴാഴ്ച നിർണായകമായ ദിവസമാണ്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുന്ന ദിവസം. അതേസമയം തന്നെ കേസിൽ മറ്റ് ചില സുപ്രധാന കാര്യങ്ങൾ കൂടി സംഭവിക്കുന്നു. അഭിഭാഷകനായ പ്രതീഷ് ചാക്കോ ആലുവ പൊലീസ് ക്ലബിൽ ഹാജരായി. മാത്രമല്ല, പൾസർ സുനിയുടെ അമ്മയിൽ നിന്ന് കോടതി മൊഴിയെടുക്കുകയും ചെയ്തു.
പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയാണ് കാലടി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്. പൾസർ സുനി ഉൾപ്പെട്ട പഴയ കേസുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമൊക്കെയാണ് മൊഴി നൽകിയതെന്ന് അവർ പിന്നീട് വെളിപ്പെടുത്തി.
പൾസർ സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയതുകൊണ്ട് മാത്രം അത് ഗൂഢാലോചനയാണെന്ന് പറയാനാകില്ലെന്നാണ് ദിലീപിൻറെ ജാമ്യാപേക്ഷയിലെ ഒരു വാദം. സുനിയുമായി ദിലീപ് സംസാരിച്ചിട്ടേയില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ അത് ഗൂഢാലോചനയാകൂ എന്നും ദിലീപും പൾസർ സുനിയും തമ്മിൽ അങ്ങനെയൊരു ബന്ധമില്ലെന്നും ദിലീപിന്റെ അഭിഭാഷകർ വാദിക്കുന്നു.
അതേസമയം തന്നെ, ദിലീപ് കണക്കുകളില്ലാത്ത സമ്പത്തിൻറെ അധിപനായി കഴിഞ്ഞ 20 വർഷം കൊണ്ട് മാറിയിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ പൊലീസിന് കിട്ടിയതായാണ് വിവരം. ദിലീപിൻറെ മൊത്തം ആസ്തി 1000 കോടിക്കുമുകളിൽ വരുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെല്ലുന്ന സമ്പത്താണ് ദിലീപ് വാരിക്കൂട്ടിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തുതന്നെ ദിലീപിന്റെയും ബന്ധുക്കളുടെയും നിക്ഷേപം 600 കോടിക്ക് മുകളിലുണ്ടെന്നാണ് വിവരം. ഡി സിനിമാസും ദേ പുട്ടും ഉൾപ്പടെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ ബിസിനസ് സംരംഭങ്ങളും ദിലീപിനുണ്ട്. വിദേശത്തുനിന്ന് വൻ തോതിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പണം എത്തിയതായാണ് അറിയുന്നത്. മാത്രമല്ല, ദിലീപിന്റെ വിദേശ ഷോകളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.