സ്കൂളുകളില്‍ ഓണാഘോഷമാകാം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
സ്കൂളുകളില്‍ ഓണാഘോഷത്തിന് തടസമില്ല!
സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓണാഘോഷം വേണ്ടെന്ന് നിര്‍ദ്ദേശിക്കുന്ന വിവാദസര്‍ക്കുലര്‍ പിന്‍വലിച്ചു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്കൂള്‍ പ്രവര്‍ത്തി സമയത്ത് ഓണാഘോഷം പാടില്ലെന്നും അധികം പണം ചെലവഴിച്ചുള്ള ആഘോഷങ്ങള്‍ പാടില്ലെന്നും ഓണാഘോഷത്തിന് യൂണിഫോം ധരിച്ചുമാത്രമേ കുട്ടികള്‍ സ്കൂളില്‍ എത്താവൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
പരീക്ഷകളെയോ ക്ലാസുകളെയോ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മാത്രമേ ആഘോഷം നടത്താവൂ എന്നും പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
സര്‍ക്കുലര്‍ വന്‍ വിവാദമായതോടെയാണ് ഇത് പിന്‍വലിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചതെന്നാണ് അറിയുന്നത്.