തിരുവനന്തപുരം: ജീവിതത്തില്‍ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നേരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശക്തമായ പിന്തുണയായി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകളിലേക്ക് സേവനം വിപുലീകരിച്ചുകൊണ്ട്, 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പര്‍ 181 വഴി വിവരസഹായം മുതല്‍ അടിയന്തര ഇടപെടല്‍ വരെ എല്ലാ സഹായങ്ങളും ഇപ്പോള്‍ ലഭ്യമാണ്. 2017ല്‍ സേവനം ആരംഭിച്ചതിനു ശേഷം ഇതുവരെ 5,66,412 കോളുകള്‍ ആണ് മിത്ര 181 സ്വീകരിച്ചത്. അതില്‍ ആവശ്യമായ രണ്ടുലക്ഷം കേസുകളില്‍ നേരിട്ട് ഇടപെട്ട് സഹായം നല്‍കാനും ഹെല്‍പ്പ് ലൈന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
കൗണ്‍സലിംഗ്, നിയമോപദേശം, താല്‍ക്കാലിക സംരക്ഷണം, അടിയന്തര സഹായം, ഇതെല്ലാം 181 വഴി 24/7 ലഭ്യമാണ്. മിത്ര 181 ഹെല്‍പ്പ് ലൈനിലേക്ക് വരുന്ന കോളുകള്‍ ആവശ്യമായ ഏജന്‍സികളായ പോലീസ്, ആശുപത്രി, ആംബുലന്‍സ് എന്നിവയിലേക്ക് സമയോചിതമായി റഫര്‍ ചെയ്യപ്പെടുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍, മറ്റ് തരത്തിലുള്ള അതിക്രമങ്ങളുടെ ഇരകള്‍, കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹാംഗങ്ങള്‍ എന്നിവരെയെല്ലാം ലക്ഷ്യമിട്ടാണ് ഈ സേവനം.
ശരാശരി ദിവസവും 300 കോളുകള്‍ മിത്ര 181ലേക്ക് എത്തുന്നു. അതില്‍ ഭൂരിഭാഗവും പ്രതിസന്ധി മണിക്കൂറുകളിലോ വിവരാന്വേഷണങ്ങള്‍ക്കായോ ഉള്ളതാണ്. മൂന്ന് ഷിഫ്റ്റുകളില്‍ 12 വനിതാ സ്റ്റാഫുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയിലുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരെ നിയമിച്ചിട്ടുണ്ടെങ്കിലും, എല്ലാവര്‍ക്കും പ്രത്യേക പരിശീലനവും തുടര്‍ പരിശീലനവും നല്‍കുന്നു.