ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളില്‍ പലതും മരിക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളവയാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അതുല്യയുടെ റീ പോസ്റ്റ് മോര്‍ട്ടം നടന്നത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും ഇത് ആത്മഹത്യയോ കൊലപാതകമോ ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചെറുതും വലുതുമായി 46 മുറിവുകളാണ് അതുല്യയുടെ ശരീരത്തിലുള്ളത്.
ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ സതീഷ് അതുല്യയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി അതുല്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. കടുത്ത മദ്യപാനിയായ സതീഷുമായി വേര്‍പിരിയാന്‍ നേരത്തെ അതുല്യ കുടുംബകോടതിയെ സമീപിച്ചിരുന്നെങ്കിലും സതീഷ് കാലില്‍ വീണ് മാപ്പ് പറഞ്ഞതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് അതുല്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പല ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.